മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വിനീത് ശ്രീനിവാസന്‍ കൈപിടിച്ചുയര്‍ത്തിയവരില്‍ അയാളുമുണ്ടായിരുന്നു. മലര്‍വാടിക്ക് ശേഷം ചെയ്ത സിനിമകളില്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ മറ്റൊരു വിനീത് ചിത്രത്തിലൂടെ കേരളം മുഴുവന്‍ സെന്‍സേഷണായി മാറി…. പിന്നീട് മലയാളസിനിമ കണ്ടത് പുതിയൊരു താരത്തിന്റെ ഉദയമായിരുന്നു. തട്ടത്തിന്‍ മറനീക്കി നല്ല ‘നേരം’ തെളിഞ്ഞ നിവിന്‍ പോളിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ മുന്‍നിരയിലേക്ക് വരാന്‍ നിവിന് സാധിച്ചു.
സിനിമ സ്വപ്നം കണ്ട കാലത്ത് തന്റെ കൂടെ നിന്നവരെയും നിവിന്‍ കൈപിടിച്ച് കൊണ്ടുവന്നു. എബ്രിഡ് ഷൈന്‍, അല്‍ഫോണ്‍സ് പുത്രന്‍, ജൂഡ് ആന്തണി തുടങ്ങിയവരുടെ സിനിമകളിലൂടെ നിവിന്‍ എന്ന താരം വളര്‍ന്നു. 2014 മുതല്‍ 2016 വരെ നിവിന്‍ പോളിയുടെതായി ഏഴ് സിനിമകളാണ് 100 ദിവസം തിയേറ്ററുകളില്‍ ഓടിയത്. 2015ല്‍ പ്രേമം എന്ന സിനിമയിലൂടെ നിവിന്റെ താരമൂല്യം ഉയര്‍ന്നു. എന്റര്‍ടൈന്മെന്റ് വാല്യൂ ഉറപ്പ് നല്‍കുന്ന സിനിമകളായിരുന്നു നിവിന്റേത്.
എന്നാല്‍ സേഫ് സോണില്‍ മാത്രമേ ഈ പെര്‍ഫോമന്‍സുള്ളൂ, വ്യത്യസ്തമായി ഒന്നും പരീക്ഷിക്കുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതോടെ തന്നിലെ നടനെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി. അതിലേക്കുള്ള തുടക്കമായിരുന്നു ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ്. പിന്നീട് ചെയ്ത മൂത്തോനിലൂടെ ഇതുവരെ കാണാത്ത നിവിനെ കാണാന്‍ സാധിച്ചു. എന്നാല്‍ ഈ രണ്ട് സിനിമകളും പ്രേക്ഷകര്‍ വേണ്ടതുപോലെ സ്വീകരിച്ചില്ല.
എന്നിരുന്നാലും പരീക്ഷണ സിനിമകളും എന്റര്‍ടൈന്മെന്റ് സിനിമകളും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും പലതും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മൂത്തോനിലെ കഥാപാത്രത്തിന് വേണ്ടി തടി കൂട്ടിയ നിവിന്‍ സോഷ്യല്‍ മീഡിയയില്‍ ബോഡിഷെയ്മിങിന് വിധേയമായി. തന്നിലെ നടനെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ അപ്പോഴും നിവിനില്‍ നിന്ന് കിട്ടിയിരുന്നു. പടവെട്ടും മഹാവീര്യറും അതിനുദാഹരണമാണ്. എന്നാല്‍ വന്‍ പ്രതീക്ഷയില്‍ വന്ന സാറ്റര്‍ഡേ നൈറ്റ്‌സും, രാമചന്ദ്ര ബോസ് ആന്‍ഡ് കോയും ബോക്‌സ് ഓഫീസില്‍ തകര്‍ന്നതോടെ നിവിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതി.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരു വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ അഭിനയിക്കുന്നു എന്ന അനൗണ്‍സ്‌മെന്റ് ആരാധകര്‍ക്ക് പുതിയൊരു പ്രതീക്ഷ നല്‍കി. ധ്യാനും പ്രണവും നായകന്മാരാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ നിവിന്‍ എത്തുന്നത് വെറുതേയല്ലെന്ന് ഓരോ ഇന്റര്‍വ്യൂവിലും വിനീത് എടുത്തു പറഞ്ഞിരുന്നു.
ആ പറച്ചില്‍ വെറുതേയല്ലെന്ന് സിനിമ കണ്ട ഓരോരുത്തര്‍ക്കും മനസിലായി. അര മണിക്കൂര്‍ മാത്രമുള്ള നിതിന്‍ മോളി എന്ന കഥാപാത്രത്തിലൂടെ പണ്ടു കണ്ട നിവിനെ അതേ ഫോമില്‍ കാണാന്‍ സാധിച്ചു. നിതിന്‍ മോളി എന്ന കഥാപാത്രം ചെയ്യാന്‍ ഇയാളല്ലാതെ മറ്റാരുമില്ല. നാല് മിനിറ്റോളം വരുന്ന ഒറ്റ ഷോട്ടിലെടുത്ത സീനില്‍ നിവിനിലെ എന്റര്‍ടൈനറുടെ അഴിഞ്ഞാട്ടം തന്നെ കാണാന്‍ സാധിച്ചു.
ഒരേ സമയം സ്വയം ട്രോളാനും തന്നെ ബോഡിഷെയ്മിങ് ചെയ്യുന്നവരോട് കണക്കിന് മറുപടി പറയാനും ആ സീനില്‍ സാധിച്ചു. ഓരോ സീനിലും കൊടുക്കുന്ന മൈന്യൂട്ട് ആയിട്ടുള്ള എക്‌സ്പ്രഷന്‍ തിയേറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തി. വിനീത് ഇനി സംവിധാനം ചെയ്യുന്നുണ്ടങ്കില്‍ അത് നിതിന്‍ മോളിയുടെ സ്പിന്‍ ഓഫ് ആവണമെന്ന് ഓരോരുത്തരും പറയുമ്പോള്‍ മനസ്സിലാക്കാം ആ കഥാപാത്രത്തിന്റെ റേഞ്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിനും വിനീതും ഒന്നിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കിട്ടിയ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.
Content Highlight: Nivin Pauly’s comeback performance in Varshangalkku Sesham