| Saturday, 24th September 2022, 9:42 pm

തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കുന്നത്, ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് റിലീസാവുമെന്നാണ് വിശ്വസിക്കുന്നത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമാണ് നിവിന്‍ പോളി നായകനാവുന്ന തുറമുഖം. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏറ്റെടുത്തത് കൊണ്ട് ഉടന്‍ തന്നെ തുറമുഖം റിലീസാവുമെന്ന് പറയുകയാണ് നിവിന്‍ പോളി. പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റ്‌സിന്റെ പ്രസ് മീറ്റിലായിരുന്നു നിവിന്റെ പ്രതികരണം.

ചിത്രം എന്നാണ് റിലീസ് ചെയ്യുന്നതെന്ന ചോദ്യത്തിന് തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി. ‘ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെ പോലെ തന്നെ എനിക്കും ആഗ്രഹമുണ്ട്.

പ്രൊഡ്യൂസറിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം കാരണം അത് റിലീസ് ചെയ്യാന്‍ പറ്റാതിരിക്കുകയാണ്. നവംബറിലോ ഡിസംബറിലോ റിലീസാവുമെന്നാണ് കേള്‍വി. നിര്‍മാതാവ് ലിസ്റ്റിന്‍ സിറ്റീഫനാണ് സിനിമ ഇപ്പോള്‍ റിലീസിന് എടുത്തിരിക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസാവുമെന്നാണ് വിശ്വസിക്കുന്നത്,’ നിവിന്‍ പറഞ്ഞു.

അതേസമയം സുഹൃത്‌വലയത്തിലെ കിറുക്കന്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളി തന്നെയാണെന്നാണ് അജു വര്‍ഗീസ് പറഞ്ഞത്. ‘ഏത് ഷോട്ട് എടുത്താലും ഈ കിറുക്കന്‍ ചിരിപ്പിച്ച് റീടേക്ക് എടുപ്പിക്കും. എന്റെ അവസ്ഥ, നീരജിന്റെ അവസ്ഥ, നയന്‍താരയുടെയും മഞ്ജിമയുടെയും ഇഷ തല്‍വാറിന്റെയും വിനീത് ശ്രീനിവാസന്റെയുമെല്ലാം അവസ്ഥ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കേട്ടിരിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതാണ്,’ അജു വര്‍ഗീസ് പറഞ്ഞു.

പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം സാറ്റര്‍ഡേ നൈറ്റ്‌സ് തിയേറ്ററുകളില്‍ എത്തും.
സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നവീന്‍ ഭാസ്‌കര്‍ ആണ്.

ദുബായ്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. സൈജു കുറുപ്പ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Content Highlight: nivin pauly replied in press meet that thuramukham movie is not in his pocket

Latest Stories

We use cookies to give you the best possible experience. Learn more