| Tuesday, 19th July 2022, 8:09 am

സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയിമിങിനോട് നിവിന്‍ പോളിക്ക് പറയാനുള്ളത് ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. കോര്‍ട്ട് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ കുറച്ച് വര്‍ഷങ്ങളായി വന്നു കൊണ്ടിരിക്കുന്ന ബോഡി ഷെയിമിങിനെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിവിന്‍ പോളി.

ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും, സ്വന്തം ഇഷ്ടമാണ് ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് എന്നുമാണ് നിവിന്‍ പറയുന്നത്.

‘ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകള്‍ ഇത്തരത്തില്‍ ഫിറ്റ് ആയി ഇരിക്കുന്നത് ഡിമാന്റ് ചെയ്യുന്ന സിനിമകളല്ലായിരുന്നു. പക്ഷെ ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്‌നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്’; നിവിന്‍ പറയുന്നു.

ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്.

ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയെഴുതിയതും ഏബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight : Nivin Pauly Reacts to The Body shaming trolls against him

We use cookies to give you the best possible experience. Learn more