നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മഹാവീര്യര്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. ഫാന്റസി, ടൈം ട്രാവല്‍, കോര്‍ട്ട് റൂം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ടീസറുമെല്ലാം ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് നിവിന്‍ പോളിയുള്‍പ്പെടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും.
നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മഹാവീര്യറിന് എന്തുകൊണ്ട് യെസ് പറഞ്ഞു എന്നതിന് മറുപടി പറയുകയാണ് നിവിന്‍ പോളി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്.
മഹാവീര്യറിന് യെസ് പറയാനുള്ള കാരണം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആണെന്നും മികച്ച രീതിയിലാണ് ചിത്രം ഏബ്രിഡ് ഷൈന്‍ നറേറ്റ് ചെയ്തത് എന്നുമാണ് നിവിന്‍ പറയുന്നത്. കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു എന്നും നിവിന്‍ പറയുന്നു.
‘സ്‌ക്രിപ്റ്റ് ആണ് മഹാവീര്യറിന് യെസ് പറയാനുള്ള കാരണം. ഷൈന്‍ എന്നോട് മികച്ച രീതിയിലാണ് കഥ നറേറ്റ് ചെയ്ത് തന്നത്. കഥ ആദ്യം കേട്ടപ്പോള്‍ ഇത് ഞാന്‍ പ്രെസെന്റ് ചെയ്യട്ടെ എന്നാണ് ആദ്യം ചോദിച്ചത്.’; നിവിന്‍ പറയുന്നു.
മൂത്തോന് ശേഷം നിവിന്‍ പോളിയുടെ തിയേറ്ററിലെത്തുന്ന ചിത്രമാണ് മഹാവീര്യര്‍.
ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയെഴുതിയതും ഏബ്രിഡ് ഷൈനാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.