സാനിയ ഇടക്കിടക്ക് ആശുപത്രിയില്‍ പോയി ഡ്രിപ്പിട്ട് തിരിച്ചുവരും, സെറ്റില്‍ അത്ര നല്ല ഫുഡായിരുന്നു: ഗ്രേസ് ആന്റണി
Entertainment
സാനിയ ഇടക്കിടക്ക് ആശുപത്രിയില്‍ പോയി ഡ്രിപ്പിട്ട് തിരിച്ചുവരും, സെറ്റില്‍ അത്ര നല്ല ഫുഡായിരുന്നു: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd November 2022, 5:44 pm

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സിനിമയുടെ പ്രൊമോഷനില്‍ നിറഞ്ഞുനിന്ന പ്രധാന ഘടകം ഭക്ഷണമായിരുന്നു. വിവിധ ഹോട്ടലുകളും വ്യത്യസ്ത ഭക്ഷണവിഭവങ്ങളുമായി രസകരമായ റീല്‍സുകള്‍ സാറ്റര്‍ഡേ നൈറ്റ് ടീം പുറത്തുവിട്ടിരുന്നു.

ട്രെയ്‌ലറും ഭക്ഷണത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ സാറ്റര്‍ഡേ നൈറ്റ് ഷൂട്ടിങ് സെറ്റിലെ ഭക്ഷണത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയും നിവിന്‍ പോളിയും.

ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് സെറ്റിലെ ഭക്ഷണത്തെ കുറിച്ച് ഇവര്‍ സംസാരിച്ചത്.

ലൊക്കേഷനിലെ ഫുഡ് വളരെ ഇഷ്ടമായിരുന്ന ഗ്രേസിന് ഒരുപാട് വെറൈറ്റി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകുമെന്നായിരുന്നു നിവിന്‍ പോളി തമാശയായി പറഞ്ഞത്. ഇതിന് ആക്ഷേപഹാസ്യ രൂപത്തിലായിരുന്നു ഗ്രേസിന്റെ മറുപടി.

‘അതേ നിവിന്‍ ചേട്ടാ… വളരെ നല്ല ഫുഡായിരുന്നു. സാനിയക്ക് അത് വ്യക്തമായി അറിയാം. സാനിയ ഇടക്കിടക്ക് ആശുപത്രിയില്‍ പോകും. ഡ്രിപ്പിട്ട് തിരിച്ചുവരും. അത്ര നല്ല ഫുഡായിരുന്നു,’ ഗ്രേസ് പറഞ്ഞു.

ഷൂട്ടിങ്ങിനിടയില്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സാനിയയും തുറന്നുപറഞ്ഞു.

‘സെറ്റിലെ വെള്ളം നമുക്കാര്‍ക്കും പറ്റുന്നുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി ഒരു ചേസിങ് ഷൂട്ട് എടുക്കാനുണ്ടായിരുന്നു. ഞാന്‍ ഓരോ സീനിന് ശേഷവും കാരവാനിലേക്ക് പോകും. അങ്ങനെയായിരുന്നു. എന്നിട്ട് ഇവരെല്ലാവരും എനിക്ക് വേണ്ടി വെയ്റ്റ് ചെയ്യും. മരുന്ന് വെച്ച് ഞാന്‍ അന്നത്തെ രാത്രി ഷൂട്ട് തീരുന്നതുവരെ അഡ്ജസ്റ്റ് ചെയ്തു.

രാവിലെയായി സൂര്യനൊക്കെ ഉദിച്ച ഉടനെ ആശുപത്രിയില്‍ പോയി. ഡ്രിപ്പിട്ട് കിടന്നു. എനിക്ക് മാത്രമല്ല പലര്‍ക്കും ഈ അവസ്ഥയായിരുന്നു. റോഷന്‍ ചേട്ടനും വയറിന് പ്രശ്‌നമായിരുന്നു. ഇടക്ക് ഞങ്ങള്‍ കൂട്ടിമുട്ടും. വയറിന് പിടിച്ചുകൊണ്ട് ഞാനിപ്പൊ വരാമെന്ന് ചേട്ടന്‍ പറയും,’ സാനിയ പറഞ്ഞു.

പലതരം ഭക്ഷണങ്ങള്‍ കഴിച്ചു വളര്‍ന്നതുകൊണ്ട് തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലെന്നായിരുന്നു നിവിന്‍ പോളിയും അജു വര്‍ഗീസും ഇതിന് പിന്നാലെ പറഞ്ഞത്.

Content Highlight: Nivin Pauly, Grace Antony and Saniya Iyappan about the food and water issues in Saturday night shooting set