അവസാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ പ്രൊഡ്യൂസറാണെന്ന് ഇന്റര്‍വ്യൂവര്‍, എന്റെ അവസാനത്തെ അഞ്ച് സിനിമകള്‍ കണ്ടിട്ടില്ലേ എന്ന് നിവിന്‍ പോളി
Entertainment
അവസാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ പ്രൊഡ്യൂസറാണെന്ന് ഇന്റര്‍വ്യൂവര്‍, എന്റെ അവസാനത്തെ അഞ്ച് സിനിമകള്‍ കണ്ടിട്ടില്ലേ എന്ന് നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 9:18 am

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് നിവിന്‍ പോളി. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയനടനായി മാറാന്‍ നിവിന് സാധിച്ചു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സെന്‍സേഷണല്‍ ഹിറ്റിലൂടെ താരത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. എന്നാല്‍ സേഫ് സോണ്‍ വിട്ട് പരീക്ഷണചിത്രങ്ങള്‍ ചെയ്തപ്പോള്‍ ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ താരത്തിന് സാധിച്ചില്ല.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ അതിഥിവേഷത്തിലൂടെ തന്നിലെ എന്റര്‍ടൈനറിനെ പ്രേക്ഷകരുടെ മുന്നില്‍ വീണ്ടും എത്തിക്കാന്‍ നിവിന് സാധിച്ചു. നിവിന്റെ തിരിച്ചുവരവെന്നാണ് ചിത്രം കണ്ട പലരുടെയും അഭിപ്രായം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ പുതിയ ചിത്രം.

ജന ഗണ മനക്ക് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അരുണ്‍ സ്‌മോക്കിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിജോയും നിവിനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അവസാനം ചെയ്ത സിനിമകളെല്ലാം മികച്ച വിജയമാക്കിയ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമയാണെന്ന അരുണ്‍ സ്‌മോക്കിക്ക് മറുപടിയായി നിവിന്‍ ചോദിച്ചത് അവസാനമിറങ്ങിയ എന്റെ അഞ്ച് സിനിമകള്‍ നീ കണ്ടിട്ടില്ലേ എന്നായിരുന്നു.

‘അവസാനമിറങ്ങിയ എന്റെ അഞ്ച് സിനിമകള്‍ നീ കണ്ടിട്ടില്ലെന്ന് തോന്നുന്നു, കണ്ടിരുന്നെങ്കില്‍ നീ ഇത് പറയില്ലായിരുന്നു’ (നിവിന്‍ ചിരിച്ചു).

‘പക്ഷേ ഈ സിനിമ അത് പോലെയൊന്നും ആവില്ല. എന്തായാലും ഹിറ്റാകും. അത് ഉറപ്പാ’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

‘ഈ സിനിമ ഹിറ്റായില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും’ നിവിന്‍ പോളി പറഞ്ഞു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള എന്നിവരാമ് മറ്റ് താരങ്ങള്‍. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Nivin Pauly and Dijo Jose interview viral in social media