നിവിന്റെ കൂടെ സിനിമ ചെയ്താല്‍ അത് കഴിഞ്ഞ് കുറേ ഓഫറുകള്‍ വരുമെന്ന് കേട്ടിട്ടുണ്ടെന്ന് അതിഥി; നിവിന്‍ പോളിയുടെ കിടിലന്‍ മറുപടി
Entertainment news
നിവിന്റെ കൂടെ സിനിമ ചെയ്താല്‍ അത് കഴിഞ്ഞ് കുറേ ഓഫറുകള്‍ വരുമെന്ന് കേട്ടിട്ടുണ്ടെന്ന് അതിഥി; നിവിന്‍ പോളിയുടെ കിടിലന്‍ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd October 2022, 11:55 am

നിവിന്‍ പോളി, അതിഥി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പടവെട്ട്. ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

അരുവി എന്ന തമിഴ് സിനിമയിലൂടെ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നിവിന്‍ പോളിക്കൊപ്പം മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിഥി.

നിവിന്റെ നായികയായി മലയാളത്തിലേക്കെത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഒരു ഭാരം തോന്നിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നിവിന്റെ കൂടെ സിനിമ ചെയ്താല്‍ പിന്നീട് കുറേ ഓഫറുകളും വരുമെന്ന് കേട്ടിട്ടുണ്ടെന്നാണ് അതിഥി പറയുന്നത്. ഇതിന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന നിവിന്‍ കിടിലന്‍ മറുപടിയും നല്‍കുന്നുണ്ട്.

”ഭാരമൊന്നും തോന്നിയിട്ടില്ല. ഞാന്‍ സ്‌ക്രിപ്റ്റും ക്യാരക്ടറും നോക്കിപ്പോകും. പക്ഷെ ആദ്യത്തെ ഇന്റര്‍വ്യൂവിലും ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. നിവിന്റെ കൂടെ സിനിമ ചെയ്താല്‍ അത് കഴിഞ്ഞ് കുറേ ഓപ്ഷന്‍സും ഓഫറുകളും വരും എന്ന് കേട്ടിട്ടുണ്ട്.

നിവിന്റെ ഓപ്പോസിറ്റായി അഭിനയിച്ചാല്‍ നമുക്ക് കൂടുതല്‍ സിനിമാ ഓഫറുകള്‍ വരും എന്നാണ് കേട്ടിട്ടുള്ളത്. ഞാന്‍ അത് പ്രതീക്ഷിക്കുകയാണ്, ഒരു പ്രഷറുമില്ല,” അതിഥി പറഞ്ഞു.

‘ഭയങ്കര ദൈവാനുഗ്രഹമുള്ള ആളായതുകൊണ്ടേ…’ എന്നാണ് ഇതിന് നിവിന്‍ നല്‍കിയ കിടിലന്‍ മറുപടി.

”ഞാനും ഇങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരം റൂമറുകളൊക്കെ പെട്ടെന്ന് പരക്കുമല്ലേ (ചിരി),” നിവിന്‍ കൂട്ടിച്ചേര്‍ത്തു.

വിക്രം മേഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, നടന്‍ സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് പടവെട്ട് നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

Content Highlight: Nivin Pauly and Aditi Balan talks about their movie Padavettu