സിനിമാ പ്രൊമോഷന് എത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതികരിച്ച് സഹതാരങ്ങളായ നിവിന്‍ പോളിയും അജു വര്‍ഗീസും സിജു വില്‍സണും.
കോഴിക്കോട് മാളില്‍ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു കഴിഞ്ഞ ദിവസം നടിമാര്‍ക്ക് ദുരനുഭവം നേരിട്ടത്. ഇതേ കുറിച്ച് ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
ഇപ്പോള്‍ അതിക്രമത്തെ അപലപിച്ചും നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് നടന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. നടിമാര്‍ പങ്കുവെച്ച കുറിപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് ഇവര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഒരിക്കലും അംഗീകരിക്കാനാകാത്ത നാണംകെട്ട പ്രവര്‍ത്തിയാണത്. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു എന്നാണ് നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതികരിച്ചത്. സമാനമായ രീതിയില്‍ തന്നെയായിരുന്നു അജു വര്‍ഗീസിന്റെ പ്രതികരണം.
തികഞ്ഞ അപമര്യാദയെന്നായിരുന്നു സിജു വില്‍സണ്‍ പറഞ്ഞത്. സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായ നടിമാരെ സിജു അഭിനന്ദിക്കുകയും ചെയ്തു.
‘അത്രയും സാഡിസ്റ്റിക്കായ സാഹചര്യത്തില്‍ പോലും പ്രതികരിക്കാന്‍ തയ്യാറായ നീ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്,’ എന്നാണ് മോശം അനുഭവം നേരിട്ട നടിമാരിലൊരാളെ കുറിച്ച് സിജു പറഞ്ഞത്.
അയാളുടെ മുഖമടച്ച് ഒരു അടി കൊടുക്കാന്‍ തക്ക ശക്തിയുള്ളവളാണ് നീ. സംഭവത്തെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറായ നിന്നോട് വളരെയധികം ബഹുമാനമുണ്ട്,’ എന്ന് അടുത്ത നടിയെ കുറിച്ച് സിജു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് മാളിലേക്ക് ഇവരെല്ലാവരും എത്തിയത്. പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ മോശമായി പെരുമാറിയെന്നും സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവമുണ്ടായെന്നുമാണ് നടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.
സിനിമയുടെ പ്രൊമോഷന് വേണ്ടി പല ഭാഗങ്ങളില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു ദുരനുഭവം ആദ്യമായാണെന്നും നടി പറഞ്ഞു.
പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ അറപ്പുതോന്നുന്നു. ഇത്രക്കും ഫ്രസ്ട്രേറ്റഡ് ആണോ ചുറ്റുമുള്ളവരെന്നും താരം കുറിപ്പിലൂടെ ചോദിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന വൃത്തികെട്ട വ്യക്തികള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നടിമാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: Nivin Pauly, Aju Varghese and Siju Wilson supports female costars who had face misbehaviour