|

മിക്ക ചെറുപ്പക്കാരെയും സ്പർശിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ആ ചിത്രം സൂപ്പർഹിറ്റായി: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.

കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലാൽജോസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ നിവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്. നിവിന്റെ കരിയറിൽ വലിയ പങ്കുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.

വലിയ വിജയമായ നിവിൻ ചിത്രമായിരുന്നു ഒരു വടക്കൻ സെൽഫി. വിനീത് ശ്രീനിവാസന്റെ തിരക്കഥ കാരണമാണ് ആ സിനിമ അത്ര വിജയമായതെന്നും സ്ക്രിപ്റ്റ് എഴുതാനിരിക്കുമ്പോൾ മറ്റൊരു ലോകത്തുള്ള ആളാണ് വിനീതെന്നും നിവിൻ പറയുന്നു. മിക്ക ചെറുപ്പക്കാരെയും സ്പർശിക്കുന്ന ഘടകങ്ങൾ കോർത്തിണക്കിയാണ് വടക്കൻ സെൽഫിയുടെ തിരക്കഥ വിനീത് ഒരുക്കിയതെന്നും അത് പ്രേക്ഷകർ ഏറ്റെടുത്തെന്നും നിവിൻ കൂട്ടിച്ചേർത്തു.

‘തിരക്കഥാകൃത്ത് വിനീത് കാരണമാണ് ആ സിനിമ അത്ര വിജയമായത്. ഏറെ സീരിയസ്സായി സ്ക്രിപ്റ്റിങ് നടത്തുന്ന തിരക്കഥാകൃത്താണ് വിനീത്. സ്ക്രിപ്റ്റ് പാളിയാൽ എല്ലാം പാളും. അതുകൊണ്ടു തന്നെ വിനീത് എഴുതാനിരുന്നാൽ മറ്റൊരു ലോകത്തായിരിക്കും. മാസങ്ങളോളം മൊബൈൽ കട്ട് ചെയ്തുവെക്കും. അങ്ങനെ സിനിമയെ വളരെ സീരിയസ്സായി കാണുന്നവർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ ആ ക്വാളിറ്റി സിനിമയിലും ഉണ്ടാകും.

കൗമാരത്തിലൂടെ കടന്നു പോകുന്ന മിക്ക ചെറുപ്പക്കാരെയും സ്പർശിക്കുന്ന ഘടകങ്ങൾ കോർത്തിണക്കിയാണ് ഓരോ കഥാപാത്രത്തെയും വിനീത് ഒരുക്കിയത്. വിനീതിന്റെ കൂട്ടുകാരുടെ അനുഭവങ്ങളിൽ നിന്നാണ് ആ ചിത്രം പിറന്നത്. അതുകൊണ്ടുതന്നെ എല്ലാ യുവാക്കളെയും സ്‌പർശിക്കുന്ന, കൃത്രിമത്വം ഇല്ലാത്ത സിറ്റുവേഷൻ ആ ചിത്രത്തിലുണ്ടായി. ആ ആത്മാർഥത പ്രേക്ഷകർ ഏറ്റെടുത്തു,’നിവിൻ പോളി പറയുന്നു.

ശരീരം ഭാരം കുറച്ച് പുതിയ മേക്കോവറിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളിയെത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. കൂടാതെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

Content Highlight: Nivin Pauly About Oru Vadakkan Selfie Movie