ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.
കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലാൽജോസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ നിവിന് സാധിച്ചിട്ടുണ്ട്.
പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ശ്യാമപ്രസാദ് ചിത്രമായിരുന്നു ഇവിടെ. ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ മൂഡിൽ ചെയ്‌ത ചിത്രമായിരുന്നു ഇവിടെയൊന്നും പൃഥ്വിരാജും താനും നല്ല സുഹൃത്തുക്കളാണെന്നും നിവിൻ പറയുന്നു. ശ്യാമപ്രസാദിനൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിലെ സംവിധായകനെ താൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
‘ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ മൂഡിൽ ചെയ്‌ത ചിത്രമായിരുന്നു ‘ഇവിടെ.’ അമേരിക്കയിലെ ചിത്രീകരണം, ടെക്നീഷ്യന്മാരിൽ ഭൂരിഭാഗവും ഫോറിനേഴ്‌സ്, ലൈവ് സൗണ്ട് റെക്കോഡിങ്. നല്ല സുഹൃത്തുക്കളാണെങ്കിലും ഞാനും പൃഥിയും സിനിമയിൽ അതിന് മുമ്പ് ഒന്നിച്ചിരുന്നില്ല. ഞങ്ങളുടെ കോമ്പിനേഷനിൽ നാലു സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഞങ്ങൾ രസകരമാക്കി.
ഇംഗ്ലീഷ്, ഇവിടെ, ഹേയ് ജൂഡ് എന്നീ ചിത്രങ്ങളിൽ ഞാൻ ശ്യാം സാറിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഈ മൂന്ന് ചിത്രങ്ങളിലും ഞാൻ ഫോക്കസ് ചെയ്‌തത് ശ്യാമപ്രസാദ് എന്ന സംവിധായകനെ മാത്രമാണ്. സിനിമയിലെ മറ്റൊരു സ്‌കൂളാണത്. സിനിമയെ വേറൊരു രീതിയിൽ ചിന്തിക്കുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്ന ആ സംവിധായകനിൽ ഒരുപാട് പഠിക്കാനുണ്ട്. ഒരു നടനെന്ന നിലയിൽ ‘പോളിഷ്‌ഡ്’ ആകാൻ ആ കൂട്ടുകെട്ട് സഹായിക്കും,’നിവിൻ പോളി പറയുന്നു.
ശരീരം ഭാരം കുറച്ച് പുതിയ മേക്കോവറിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
Content Highlight: Nivin Pauly About Movies Of Shyamaprasadh