| Saturday, 20th November 2021, 1:49 pm

സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്, വിജയിച്ചവനൊപ്പമേ ആളുണ്ടാവൂ: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കനകം കാമിനി കലഹം എന്ന ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു ദിശയിലൂടെ സഞ്ചരിക്കുകയാണ് നിവിന്‍ പോളി. മികച്ച കഥാപാത്രങ്ങളും സിനിമകളുമായി യാത്ര തുടരുകയാണ് അദ്ദേഹം. മഹാവീര്യര്‍, പടവെട്ട്, തുറമുഖം തുടങ്ങി ഒരുപിടി മികച്ച സിനിമകളുമായാണ് നിവിന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താന്‍ ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ നിന്നും തുടങ്ങിയ സിനിമായാത്ര പതിനൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ മലയാളസിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു നിവിന്‍.

തന്നെ സംബന്ധിച്ച് തുടക്കകാലത്ത് സിനിമയെ കുറിച്ച് പല പേടികളും ഉണ്ടായിരുന്നെന്നും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന ഉറപ്പുപോലും അന്ന് ഉണ്ടായിരുന്നില്ലെന്നുമാണ് നിവിന്‍ പറയുന്നത്.

സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ തന്നെ ഇല്ലാതായിപ്പോകുമോ എന്ന ഭയമൊക്കെ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിജയപരാജയങ്ങള്‍ നോക്കിയല്ല സിനിമ തെരഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു.

പരാജയത്തെ കുറിച്ചോര്‍ത്ത് ഇന്ന് പേടിയൊന്നുമില്ല. മനസിന് ഇഷ്ടമായ സിനിമകള്‍, പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാനാണ് ഇപ്പോള്‍ ഇഷ്ടമെന്നും നിവിന്‍ പറയുന്നു.

പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തെരഞ്ഞെടുക്കാന്‍ കഴിയാതെ വരുമെന്നും ഈ തിരിച്ചറിവ് വലിയ പാഠമായിരുന്നെന്നും നിവിന്‍ പറയുന്നു.

എഞ്ചിനീയറിങ് പഠന ശേഷം ലഭിച്ച ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ നിവിന് തന്നെപ്പോലെ ജോലി ഉപേക്ഷിച്ച് സിനിമ സ്വപ്‌നം കാണുന്ന യുവതലമുറയോട് ചില കാര്യങ്ങള്‍ പറയാനുണ്ട്.

‘സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാവൂ. എല്ലാ മേഖലയിലും ഉള്ളതുപോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാവൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സൊസൈറ്റി നല്‍കുന്ന ആ പ്രഷര്‍ വലുതാണ്. ആ സമ്മര്‍ദം മറന്നുകളയുക. കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂ എന്ന തോന്നല്‍ മാറ്റിയാല്‍ സമാധാനമായി സിനിമ ചെയ്യാം.

പിന്നെ ‘ നിന്റെ ഇത്രയും വര്‍ഷം പോയില്ലേ’ എന്ന ഡയലോഗ് കേള്‍ക്കാതിരിക്കുക. മനസ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് നമ്മള്‍ നമ്മളോട് മാത്രം സംസാരിക്കുന്ന കാര്യങ്ങളാണ്. അത് തെറ്റില്ല. ഒരുപാട് അഭിപ്രായങ്ങള്‍ കേട്ട് സ്വപ്‌നത്തില്‍ നിന്ന് അകന്നുപോകുന്നതിനേക്കാള്‍ നല്ലത് മനസുപറയുന്നത് കേള്‍ക്കുകയാണ്,’ നിവിന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more