യൂണിഫോം വീണ്ടും ഇടണമെങ്കില്‍ കുറച്ച് പണിയെടുക്കണം, അത് കഴിഞ്ഞാല്‍ ബിജു പൗലോസ് ഒന്നുകൂടി വരും: നിവിന്‍ പോളി
Film News
യൂണിഫോം വീണ്ടും ഇടണമെങ്കില്‍ കുറച്ച് പണിയെടുക്കണം, അത് കഴിഞ്ഞാല്‍ ബിജു പൗലോസ് ഒന്നുകൂടി വരും: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 6:56 pm

നിവിന്‍ പോളി എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് 2014ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയില്‍ ബിജു പൗലോസ് എന്ന സബ് ഇന്‍സ്‌പെക്ടറായാണ് നിവിന്‍ എത്തിയത്. ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രം വന്‍ വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ നിവിന്‍ പോളി പുറത്തുവിട്ടിരിക്കുകയാണ്. ദുബായില്‍ വെച്ച് നടന്ന പരിപാടിക്കിടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പൊലീസ് യൂണിഫോമില്‍ വരണമെങ്കില്‍ ശരീരം കുറച്ചുകൂടി റെഡിയാകാകനുണ്ടെന്നും അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ താന്‍ ആ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് നിവിന്‍ പറഞ്ഞു. ചിത്രത്തിന്റെ 20 ശതമാനം ഷൂട്ട് പൂര്‍ത്തിയായെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

‘ആക്ഷന്‍ ഹീറോ ബിജു 2 ഉടനെ ഉണ്ടാകും. ആ യൂണിഫോം വീണ്ടും ഇടണമെങ്കില്‍ കുറച്ച് പണിയെടുക്കണം. അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍. അത് സെറ്റായിക്കഴിഞ്ഞാല്‍ ബിജു പൗലോസ് ഒന്നുകൂടി വരും. ഒരു ഷെഡ്യൂള്‍ ഇപ്പോള്‍ തീര്‍ന്നു. ഇനി ആ പഴയ രൂപത്തിലേക്ക് മാറാന്‍ എനിക്ക് കുറച്ച് സമയം വേണം. രണ്ട് മാസം അതിന് വേണ്ടിയുള്ള പണിയിലായിരിക്കും. അത് കഴിഞ്ഞാല്‍ ഓഗസ്റ്റ് പകുതിയോട് ഷൂട്ട് വീണ്ടും തുടങ്ങും. ഇത്രയൊക്കെയേ ഇപ്പോള്‍ പറയാന്‍ കഴിയുള്ളൂ,’ നിവിന്‍ പറഞ്ഞു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അവസാന ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ നിതിന്‍ മോളി എന്ന കഥാപാത്രത്തിന് തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നു ലഭിച്ചത്. ബിജു പൗലോസ് എന്ന കഥാപാത്രമായി പഴയ നിവിനെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Nivin Pauly about Action Hero Biju 2