Entertainment
എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ ആരെത്തുന്നതിനും മുമ്പ് ആ സംവിധായകൻ വരും: നിവിൻ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 10:28 am
Saturday, 18th January 2025, 3:58 pm

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു  ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.

തുടക്കകാലത്ത് സിനിമയിൽ നിലനിൽക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പരാജയത്തെക്കുറിച്ചോർത്തുള്ള പേടി മാറി മനസിന് ഇഷ്ടമായ സിനിമകൾ മതി എന്ന തീരുമാനത്തിലെത്തിയെന്നും നിവിൻ പറയുന്നു. മഹാവീര്യർ എന്ന സിനിമ അങ്ങനെയൊന്നാണെന്നും ആ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈൻ തനിക്ക് ചേട്ടനെ പോലെയാണെന്നും നിവിൻ പറഞ്ഞു. തനിക്കൊരു പ്രശ്നമുണ്ടെങ്കിൽ ആദ്യമെത്തുക എബ്രിഡ് ഷൈൻ ആണെന്നും  നിവിൻ കൂട്ടിച്ചേർത്തു.

‘തുടക്കകാലത്ത് സിനിമയെക്കുറിച്ച് പല പേടികളും ഉണ്ടായിരുന്നു. നിലനിൽക്കാനാകുമോ? തുടർച്ചയായി സിനിമകൾ കിട്ടുമോ? പരാജയപ്പെട്ടാൽ കരിയർ ഇല്ലാതാകുമോ? എന്നെ തേടി വരുന്ന സിനിമകളിൽ അഭിനയിക്കുക, വിജയവും പരാജയവും അനുഭവിച്ചറിഞ്ഞ് മുന്നോട്ടു യാത്ര ചെയ്യുക. ഇതായിരുന്നു തുടക്കകാലത്തെ രീതി. എന്നാൽ ഇപ്പോൾ വിജയപരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തെരഞ്ഞെടുക്കാറുള്ളത്.

പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യത്യസ്‌ത സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. പരാജയത്തെക്കുറിച്ചോർത്തുള്ള പേടി മാറി മനസിന് ഇഷ്ടമായ സിനിമകൾ മതി എന്നായി. ബോക്സ് ഓഫിസിൽ ഹിറ്റായില്ലെങ്കിലും ഒരുപാടു സംസാരിക്കപ്പെട്ട സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത്തരം സിനിമകളെയും വിശ്വാസത്തിലെടുക്കാൻ തുടങ്ങി. പരാജയപ്പെടുമോ എന്നു പേടിച്ചിരുന്നാൽ സമാധാനമുള്ള മനസോടെ സിനിമ തെരഞ്ഞെടുക്കാനാകാതെ വരും. ഈ തിരിച്ചറിവ് വലിയ പാഠമായിരുന്നു.

മഹാവീര്യർ അത്തരത്തിൽ ഒരു സിനിമയായിരുന്നു. മഹാവീര്യറിന്റെ തിരക്കഥ പറയാൻ വന്നപ്പോഴും ബാഗിലുണ്ടായിരുന്ന പുസ്‌തകങ്ങളെക്കുറിച്ചാണ് ഷൈൻ ചേട്ടൻ (സംവിധായകൻ എബ്രിഡ് ഷൈൻ) ആദ്യം സംസാരിച്ചത്. സംവിധായകനെക്കാൾ എനിക്ക് ചേട്ടനാണ് അദ്ദേഹം. ചില സമയത്ത് നന്നായി വഴക്കു പറയാറുണ്ട്. എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ അവിടെ ഷൈൻ ചേട്ടനുണ്ടാകും. ആരെത്തുന്നതിനും മുന്നേ എത്തും, ഉറപ്പാണ്,’നിവിൻ പോളി പറയുന്നു.

 

Content Highlight: Nivin Pauly About About Abridh Shine