നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ രാജീവ് രവി ചിത്രം തുറമുഖം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 1962 വരെ മട്ടാഞ്ചേരിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും തങ്ങളുടെ തൊഴിലവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രം കാണിക്കുന്നത്.
Spoiler Alert
സമരത്തിന് സമാന്തരമായി മട്ടാഞ്ചേരി മൊയ്തുവിന്റെയും കുടുംബത്തിന്റെയും കഥയും ചിത്രം പറഞ്ഞുപോകുന്നുണ്ട്. മട്ടാഞ്ചേരിയിലെ ഏതൊരു തൊഴിലാളി കുടുംബങ്ങളേയും പോലെ തന്നെ സമരം മൊയ്തുവിന്റെ കുടുംബത്തേയും ബാധിക്കുന്നുണ്ട്. മൊയ്തുവും സഹോദരന്‍ ഹംസയും ബാപ്പ മൈമൂദുമെല്ലാം തൊഴിലാളി സമരത്തിലേക്ക് ഏതെങ്കിലുമൊക്കെ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ജോജു അവതരിപ്പിച്ച മൈമൂദിന് നേരിട്ട് സമരത്തിലേക്ക് ബന്ധമില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാപ്പ സമ്പ്രദായത്തിനെതിരെ അയാള്‍ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്.
തുറമുഖം ഒരു നായക കേന്ദ്രീകൃത സിനിമയല്ല. ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെയും ടീസറിലൂടെയും പോസ്റ്ററുകളിലൂടെയും പ്രേക്ഷകര്‍ ഒരു വിധത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണുണ്ടായത്. ട്രെയ്‌ലര്‍ കണ്ടാല്‍ നിവിന്‍ പോളിയുടെ മട്ടാഞ്ചേരി മൊയ്തു നായകനാണെന്ന് തോന്നുമെങ്കിലും സിനിമയില്‍ അങ്ങനെയല്ല. പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ് മൊയ്ദു.
മാത്രവുമല്ല മൊയ്തുവിനെ പറ്റി ആലോചിക്കുമ്പോള്‍ ഒരു ശൂന്യത പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാരണം സിനിമ തീരുമ്പോള്‍ ഈ കഥാപാത്രം എന്താണ് ചെയ്തതെന്ന് ചിന്തിക്കുന്ന ചിലരിലെങ്കിലും ഉണ്ടാവും. ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന തൊഴിലാളി കുടുംബങ്ങളിലെ വഴി പിഴച്ച് പോകുന്ന സന്തതി എന്ന രീതിയിലൊക്കെ വ്യാഖ്യാന സാധ്യത ഉണ്ടെങ്കിലും എന്തിനായിരുന്നു ഇത്ര പ്രാധാന്യമെന്ന് തോന്നും.
മൊയ്തുവായി നിവിന്‍ പോളിയുടെ പ്രകടനം മികച്ചു നില്‍ക്കുന്നതായിരുന്നു. ഇടക്ക് വരുന്ന സ്വാഗ് സീനുകളില്‍ നിവിന്‍ ശരിക്കും സ്‌കോര്‍ ചെയ്തിരുന്നു. ആ സമയം സിനിമക്കും ആ കഥാപാത്രത്തിനും ഒരു എലവേഷന്‍ സംഭവിക്കുമെങ്കിലും പിന്നീട് അതിനൊരു തുടര്‍ച്ച സംഭവിക്കുന്നില്ല.
കൊവിഡിന് ശേഷം കാര്യമായ വിജയങ്ങളില്ലാത്ത നിവിന്‍ പോളിക്ക് തുറമുഖം നിര്‍ണായകമായിരുന്നു. ചിത്രം എത്തരത്തില്‍ നിവിന്റെ താരമൂല്യത്തെയും സ്ഥാനത്തേയും സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളില്‍ കാണാം.
Content Highlight: nivin pauli’s mattancheri moythu in thuramukham