| Monday, 25th May 2020, 8:53 pm

'കേരളത്തിലാണിങ്ങനെ സംഭവിച്ചത് എന്നത് ഞെട്ടലുണ്ടാക്കുന്നു'; മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് തകര്‍ത്തതില്‍ പ്രതികരിച്ച് നിവിന്‍ പോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് പൊളിച്ചതില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. കേരളം പോലൊരു സംസ്ഥാനത്ത് ഇതുപോലൊരു സംഭവമുണ്ടായത് തന്നില്‍ അതീവമായ ദുഃഖമുണ്ടാക്കിയെന്നും താന്‍ ഞെട്ടിപ്പോയെന്നുമാണ് നിവിന്‍ പറഞ്ഞത്.

ഇതുപോലൊരു ഗംഭീര സെറ്റുണ്ടാക്കാന്‍ സിനിമയുടെ പ്രൊഡ്യൂസറും അണിയറ പ്രവര്‍ത്തകരും കുറച്ചൊന്നുമല്ല പണിപ്പെട്ടിരിക്കുകയെന്നും നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇതുപോലൊരു ഗംഭീര സിനിമാ സെറ്റ് ഒരുക്കാന്‍ പ്രൊഡ്യൂസറും സിനിമയുടെ അണിയറ പ്രവര്‍ത്തകരായ നൂറുകണക്കിനാളുകളും മാസങ്ങളോളം പണിയെടുത്തിരിക്കണം. മിന്നല്‍ മുരളി ടീമിന് പൂര്‍ണ ഐക്യദാര്‍ഢ്യം,’ നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

അതേസമയം സിനിമയുടെ ക്രിസ്ത്യന്‍ പള്ളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലയ രാഷ്ട്രീയ ബജ്റംഗദള്‍ നേതാവ് കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂര്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അങ്കമാലിയില്‍ നിന്നാണ് കാരി രതീഷിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.

സെറ്റ് തകര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more