| Thursday, 26th November 2020, 8:18 am

നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്തമഴ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുന്നു. വ്യാപക നാശനഷ്ടമാണ് ചെന്നൈയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്.

കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ മഴയില്‍ വന്‍മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീട് തകര്‍ന്ന് വീണും രണ്ട് പേര്‍ മരിച്ചു.

ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ തുടരും. ഇന്നലെ രാത്രി 11.30തോടെയാണ് നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടത്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.

സംസ്ഥാനത്തെ 13 ജില്ലകള്‍ക്കും ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ 27 ട്രെയിനുകള്‍ റദ്ധാക്കിയിരിക്കുകയാണ്. ഇതിന് പുറമെ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അപകടസാധ്യത കൂടുതലായതിനാല്‍ പോണ്ടിച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത അഞ്ച് മണിക്കൂറില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിരിക്കുന്നത്.
നിലവില്‍ മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

തെക്കേ ആന്ധ്രപ്രദേശില്‍ നിവാറിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം.

മൂന്നു സംസ്ഥാനങ്ങളില്‍ 30 ല്‍ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളില്‍ കഴിയുന്നവര്‍ അവിടെ തന്നെ കഴിയണം. മറ്റുള്ളവര്‍ ക്യാമ്പിലേക്ക് മാറണമെന്നും എന്‍.ഡി.ആര്‍.എഫ് അറിയിച്ചിട്ടുണ്ട്.

മുന്‍കരുതലായി നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content hIghlights: Nivar cyclone ; Heavy rains will continue in Chennai and Pondicherry today

We use cookies to give you the best possible experience. Learn more