| Wednesday, 6th October 2021, 3:59 pm

അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോള്‍ കണ്ണമ്മയും റൂബിയുമായി മലയാളത്തിന്റെ പ്രിയ നായികമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളേയും ചിത്രത്തിലെ പാട്ടുകളേയും ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തിട്ടുള്ളത്.

ബിജു മേനോനും പൃഥ്വിരാജും ചേര്‍ന്നഭിനയിച്ച ചിത്രം ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയും ചേര്‍ന്നാണ് തെലുങ്കിലെ ‘അയ്യപ്പനേയും കോശിയേയും’ അവതരിപ്പിക്കുന്നത്.

പവന്‍ കല്യാണിനേയും റാണയേയും പോലെ മലയാളികള്‍ ഉറ്റു നോക്കിയിരുന്നത് അയ്യപ്പന്‍ നായരുടെ ഭാര്യയായ കണ്ണമ്മയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ പോവുന്നത് ആരെന്നെറിയാനായിരുന്നു.

കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രസൃഷ്ടി കൊണ്ടും ഗൗരി നന്ദയുടെ അഭിനയ മികവ് കൊണ്ടും ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നായകനായ കോശിയെ പോലും വിറപ്പിക്കുന്ന കഥാപാത്രം തെലുങ്കിലേക്കെത്തുമ്പോള്‍ ആരാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍.

തെന്നിന്ത്യയുടെ പ്രിയ താരം നിത്യ മേനോനാണ് കണ്ണമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിത്യ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

കോശി കുര്യന്റെ ഭാര്യയായ റൂബിയുടെ കഥാപാത്രം ചെയ്യുന്നത് സംയുക്ത മേനോനാണ്. സംയുക്തയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഭീംല നായക്.

ചിത്രത്തിന്റെ പോസ്റ്ററുകളും ക്യാരക്ടര്‍ വീഡിയോയും ഇരു കയ്യും നീട്ടിയാണ് തെലുങ്ക്-മലയാളം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളത്. ബാഹുബലിയില്‍ ബല്ലാലദേവനായി കളം നിറഞ്ഞാടിയ റാണയും, പവര്‍ സ്റ്റാര്‍ പവന്‍ കല്യാണും ഒന്നിക്കുമ്പോള്‍ സ്‌ക്രീനില്‍ തീ പാറുമെന്നുറപ്പാണ്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nityhya Menon to play the role of Kannamma in Telugu Remake of Ayyappanum Koshiyum

We use cookies to give you the best possible experience. Learn more