ചാലക്കുടി പുഴയില്‍ വിഷമൊഴുകുമ്പോള്‍ നിങ്ങള്‍ മാത്രം സുരക്ഷിതരാണെന്ന് കരുതുന്നുണ്ടോ ?
Opinion
ചാലക്കുടി പുഴയില്‍ വിഷമൊഴുകുമ്പോള്‍ നിങ്ങള്‍ മാത്രം സുരക്ഷിതരാണെന്ന് കരുതുന്നുണ്ടോ ?
മൻസൂർ കൊച്ചുകടവ്
Sunday, 6th May 2018, 2:23 pm

ചാലക്കുടി പുഴയെ ഒരു അഴുക്കുചാലായി മാറ്റിക്കൊണ്ടിരിക്കുന്ന കാതിക്കുടത്തെ നീറ്റാ ജെലാറ്റിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NGIL) എന്ന കമ്പനിക്ക് എതിരായി നടക്കുന്ന സമരത്തിന് മൂന്നര പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. നിലനില്‍പ്പിന് വേണ്ടി സമരം ചെയ്ത അവരൊക്കെ കൊടിയ പീഡനങ്ങളാണ് എറ്റുവാങ്ങിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ സമരം നയിച്ച പലരും ഇന്നില്ല. ക്യാന്‍സര്‍ രോഗികളായിട്ടാണ് അവരില്‍ പലരും മരിച്ചു പോയത്.

എന്നാല്‍ ഇപ്പോഴും സമരത്തില്‍ വേണ്ടത്ര ജനപങ്കാളിത്തം ഇല്ലാതിരിക്കുന്നത് കാതിക്കുടത്ത് നടക്കുന്നത് പ്രാദേശികമായ സമരമാണെന്ന ആളുകളുടെ തെറ്റിദ്ധാരണയും ചാലക്കുടി പുഴയുടെ അപകടാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയുമാണ്. ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും ഈ പുഴയെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല അവരും അവരടങ്ങുന്ന സമൂഹവും ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയാണെന്ന്.

ഇന്നും ലക്ഷകണക്കിന് ജനങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സ് ഈ പുഴയാണ്. മാരക രോഗങ്ങള്‍ തന്നെയാണ് ഇത്രയധികം ജനങ്ങളെ കാത്തിരിക്കുന്നത്. നിലവില്‍ NGIL കമ്പനിയില്‍ നിന്നുണ്ടാവുന്ന മലിനീകരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി മനുഷ്യര്‍ക്ക് ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ ബാധിക്കപ്പെടുകയും ഒരുപാട് ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് തെളിവുകളാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

 

എറണാകുളം, തൃശൂര്‍ ജില്ലകളിലായി അന്നമനട, കാടുകുറ്റി, പുത്തന്‍വേലിക്കര, കുഴൂര്‍, പാറക്കടവ്, കുന്നുകര തുടങ്ങിയ 18 ഓളം പഞ്ചായത്തുകളാണ് കുടിവെള്ളത്തിനായി ചാലക്കുടി പുഴയെ ആശ്രയിക്കുന്നത്.

ഒരു പൊതുജലാശയത്തിലേക്കു ശുദ്ധീകരിച്ച മലിനജലം ഒഴുക്കുന്നതിനു ഇന്ത്യന്‍ നിലവാര പ്രകാരം 29 വസ്തുക്കളുടെ പരമാവധി അളവ് നിശ്ചയിച്ചിട്ടുള്ളതാണ്. അതായത് ഉപയോഗശൂന്യമായ മലിനജലത്തില്‍ 29 വസ്തുക്കളുടെ അളവ് ഈ പരിധിയില്‍ താഴെ ആയിരിക്കണമെന്നു കര്‍ശനമായി നിഷ്‌കര്‍ച്ചിട്ടുണ്ട്. എന്നാല്‍ 1979 മുതല്‍ നാളിതുവരെ ഇവിടെ കേവലം എട്ടു പദാര്‍ത്ഥങ്ങളുടെ അളവ് മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. കമ്പനിക്ക് അനൂകൂലമായ എട്ടു പദാര്‍ത്ഥങ്ങള്‍ മാത്രം കേരള പിസിബി പരിശോധിച്ച് ഈ കമ്പനി ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതെന്നും ബോധിപ്പിച്ച് കോടതികളെയും പൊതുസമൂഹത്തേയും ചതിക്കുകയായിരുന്നു.

കമ്പനിയിലെ മാരകമായ ഖരമാലിന്യങ്ങള്‍ പുഴയില്‍ എത്തുന്നതോടെ എത്രയൊക്കെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും പുഴ വെള്ളത്തിലെ അപകടകരമായ രാസവസ്തുക്കള്‍ അതുപോലെ തന്നെ അവശേഷിക്കും. പുഴയില്‍ നിന്നെടുത്ത് ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന കുടിവെള്ളവും അപകടം തന്നെയാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇപ്പോള്‍ ചാലക്കുടി പുഴയില്‍ രൂപപ്പെട്ടിരിക്കുന്ന ചുവപ്പും പച്ചയും നിറത്തിലുള്ള പായലുകള്‍ വലിയ അനന്തര ഫലങ്ങളാണ് ഉണ്ടാക്കി വെക്കുക എന്ന് അടുത്തിടെ ജലം പരിശോധിച്ച ലബോറട്ടറി അധികൃതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ചാലക്കുടിപ്പുഴയുടെ നിറം മാറ്റത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഇങ്ങിനെ

പുഴയില്‍ ഫോസ്‌ഫേറ്റിന്റെ അളവ് ക്രമാതീതമായി കൂടിയിരിക്കുന്നുണ്ട്. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ കരളിനെ വളരെ വേഗം തകരാറിലാക്കുന്ന രാസവസ്തുവാണ് ഇത്. പുഴയില്‍ രൂപപ്പെട്ട പായലുകള്‍ക്ക് അടിസ്ഥാനവും ഈ ഫോസ്‌ഫേറ്റാണ്. പുഴയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ തവിട്ട് നിറത്തിലുള്ള വെള്ളത്തില്‍ 5.8 ഉം, പച്ചനിറത്തിലുള്ള വെള്ളത്തില്‍ 6.3 ഉം അളവില്‍ ഫോസ്‌ഫേറ്റ് കാണപ്പെടുന്നു. ലോകരാജ്യങ്ങളില്‍ പരമാവധി അളവ് 2 വരെ ആകാമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ PC ആ ഫോസ്‌ഫേറ്റിന് യാതൊരു ലിമിറ്റും വെച്ചിട്ടില്ല. വിദേശങ്ങളില്‍ 2 നു മുകളില്‍പ്പോയാല്‍ 15 ലക്ഷം രൂപ പിഴ കൊടുക്കണം.

സസ്‌പ്പെന്റഡ് സോളിഡ്‌സ് ഭീകരമായ അളവിലാണ് കാണപ്പെടുന്നത്. അതിന് കാരണം പായലുകള്‍ (ആള്‍ഗകള്‍) ആണ്. ഫോസ്‌ഫേറ്റ് കൂടുമ്പോള്‍ പായലുകള്‍ ക്രമാതീതമായി വളരാന്‍ തുടങ്ങുന്നു. അപ്പോഴാണ് പായലുകള്‍ക്ക് പച്ച നിറമാവുന്നത്. പായലുകള്‍ നശിക്കാന്‍ തുടങ്ങുമ്പോള്‍ ചുവപ്പും, പൂര്‍ണമായും നശിച്ചു കഴിയുമ്പോള്‍ കറുപ്പ് നിറത്തിലും പായലുകള്‍ കാണപ്പെടുന്നു. ഇത് മൂലം വെള്ളത്തില്‍ ബയോളിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് കൂടുകയും ആവശ്യമായ ഡിസ്സോള്‍വ്ഡ് ഓക്‌സിജന്‍ കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പുഴയില്‍ ഇടക്കിടക്ക് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നത് സാധാരണമായിരിക്കുന്നത്. മാത്രവുമല്ല ഇതുമൂലം സ്വാഭാവിക ജലസസ്യങ്ങള്‍ നശിക്കുകയും പുഴയുടെ ആവാസവ്യവസ്ഥ പൂര്‍ണമായും തകിടം മറിയുകയും ചെയ്യും.

 

ചാലക്കുടി പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കിണറുകള്‍ സമാനമായ രീതിയില്‍ മലിനമാണ്. മൂഴിക്കുളം, പാറക്കടവ്, പൂവത്തശ്ശേരി മേഖലകളില്‍ കിണര്‍ വെള്ള പരിശോധനയില്‍ പി.എച്ച് 3.5 നും 5.5 നും ഇടയില്‍ ആസിഡ് കലര്‍ന്ന വെള്ളമാണ് കിണറുകളില്‍ കാണുന്നത്. കുടിക്കാന്‍ അനിയോജ്യമായ വെള്ളത്തിന്റെ പരമാവധി പി.എച്ച് ലെവല്‍ 6.5 ആണ്. ഇതിലും കുറവ് പി.എച്ച് അളവിലുള്ള കുടിവെള്ളം ഉപയോഗത്തിലൂടെ നിരവധി അസുഖങ്ങളാണ് ഇതുമൂലം മനുഷ്യ ശരീരത്തില്‍ ഉണ്ടാവുക. എന്നാല്‍ ചാലക്കുടി പുഴയുടെ അവസ്ഥ ഈ നിലയില്‍ തുടരുമ്പോഴും പുഴയെ സംരക്ഷിക്കുന്നതിനായോ, പ്രശ്‌നം ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബദല്‍ കുടിവെള്ളം എത്തിക്കാനോ യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം.സി. ദത്തന്‍ ചാലക്കുടി പുഴ സന്ദര്‍ശിക്കുകയും മെയ് 6 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരസമിതിയെ ഒഴിവാക്കി നടത്തിയ ഈ യോഗത്തിലും അനുകൂലമായ നടപടികളല്ല ഉണ്ടായിട്ടുള്ളത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍.

 NGIL കമ്പനി ഒരുതരത്തിലുള്ള മാലിന്യങ്ങളും പുഴയില്‍ തള്ളരുത്.

കമ്പനിയുടെ മാലിന്യങ്ങള്‍ പൈപ്പ് മാര്‍ഗം 35 കിലോമീറ്ററിന് അപ്പുറമുള്ള കടലില്‍ തള്ളാനുള്ള നിര്‍ദ്ദേശം.

നിലവിലുള്ള മലിനജല പൈപ്പ് നേരിട്ട് കടലിലേക്ക് തള്ളുന്നതിനാവശ്യമായ നിര്‍മ്മാണ രീതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം

 

വിമര്‍ശനങ്ങള്‍

•  NGIL കമ്പനി മലിനമാക്കുന്നത് ചാലക്കുടി പുഴ മാത്രമല്ല. കാതിക്കുടത്തെ മണ്ണും വായുവും അപകടകരമായി മലിനപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കമ്പനി പരിസരത്തുള്ള മരിച്ചുപോയതും ജീവിച്ചിരിക്കുന്നതുമായ ശ്വാസകോശ, ക്യാന്‍സര്‍ രോഗികള്‍ അതിന് ഉദാഹരണമാണ്.

കമ്പനി ഉണ്ടാക്കുന്ന മലിനീകരണങ്ങള്‍ അവസ്സാനിപ്പിക്കും വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമില്ല.

ദിനംപ്രതി 90 ലക്ഷം ലിറ്ററിന് മേലെ മാലിന്യങ്ങള്‍ കമ്പനി പുഴയിലേക്ക് ഒഴുകുന്നുണ്ട്. ഇത്രയധികം അളവിലുള്ള മാലിന്യങ്ങള്‍ സംഭരിക്കുവാനുള്ള സംവിധാനങ്ങള്‍ കമ്പനിയിലില്ല. മാത്രവുമല്ല വാഹനമാര്‍ഗം ഈ മാലിന്യങ്ങള്‍ മറ്റൊരു ഇടത്തേക്ക് മാറ്റുക എന്നതും പ്രാവര്‍ത്തികമല്ല. കമ്പനി പ്രവര്‍ത്തനം നിര്‍ത്തലാക്കാത്ത പക്ഷം വീണ്ടും പുഴയിലേക്ക് തന്നെ അവര്‍ മാലിന്യങ്ങള്‍ തുറന്നു വിടും. മുന്‍കാല അനുഭവങ്ങള്‍ അതിനു ഉദാഹരണമാണ്.

• കടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 1989 ലെ SO 594 ( E) , SO966 (E), GSR1037 (E) തുടങ്ങിയ നോട്ടിഫിക്കേഷനുകളും, ശുദ്ധീകരിക്കാത്ത മലിനജലം കടലിലേക്ക് ഒഴുക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള 2011-ലെ വിജ്ഞാപനവും കേരള സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് തിരിച്ചടിയാകും എന്നുള്ളത് ഉറപ്പാണ്.

• സര്‍ക്കാരിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലാത്തത് കൊണ്ടുതന്നെ NGIL കമ്പനി കോടതിയെ സമീപിക്കാനും ഇപ്പോള്‍ എടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സ്റ്റേ ഓര്‍ഡര്‍ വാങ്ങാനും സാധിക്കും. പിന്നെയും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഖകരമായി നീട്ടിക്കൊണ്ടുപോകാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ വഴിവെക്കുക.

കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ കമ്പനി ഉണ്ടാക്കുന്ന മലിനീകരണങ്ങളുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ നടക്കുകയും അതിനെ തുടര്‍ന്ന് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുമായുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ അതെല്ലാം കടലാസുകളില്‍ ഒതുങ്ങിപോവുകയാണ് ചെയ്തത്.

കമ്പനി ഉണ്ടാക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ ബാധിക്കുന്ന മുഴുവന്‍ ജനങ്ങളെയും ബോധവല്‍ക്കരിക്കുവാനും അവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ ജനകീയ സമര മുന്നണി രൂപീകരിക്കാന്‍ ഇതിനോടകം തന്നെ തീരുമാനമായിട്ടുണ്ട്. അതിനു മുന്നോടിയായി മെയ് 9 ന് രാവിലെ 10 മണിക്ക് മൂഴിക്കുളം ശാലയില്‍ ആലോചനാ യോഗവും നടക്കുന്നുണ്ട്.