ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യ രൂപീകരണത്തിന്റെ ഭാഗമായി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പ്രതിപക്ഷ സഖ്യം ഉണ്ടാക്കാന്‍ വേണ്ടി ഒരു മാസത്തോളമായി ഇരുവരും വിവിധ നേതാക്കളെ സന്ദര്‍ശിച്ച് വരികയാണ്.
തിങ്കളാഴ്ച നടക്കുന്ന സന്ദര്‍ശനത്തില്‍ നേതാക്കളുമായി സംവദിച്ചപ്പോഴുണ്ടായ വിവരങ്ങള്‍ പങ്കുവെക്കുകയും പാട്‌നയില്‍ വെച്ച് നടക്കാന്‍ പോകുന്ന പ്രതിപക്ഷ കോണ്‍ഗ്ലേവിന് തിയ്യതി തീരുമാനിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രില്‍ 12നും നിതീഷ് ഖാര്‍ഗേയെയും രാഹുലിനെയും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആം ആദ്മി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറേ, എന്‍.സി.പി നേതാവ് ശരദ് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ എന്നിവരെ നിതീഷ് സന്ദര്‍ശിച്ചിരുന്നു.
അതേസമയം തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍.സി.പി അധ്യക്ഷനുമായ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഢി എന്നിവരെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ദല്‍ഹി സര്‍ക്കാരിന്റെ സുപ്രീം കോടതി നല്‍കിയ അധികാരം തിരിച്ച് പിടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പോരാടുന്ന കെജ്‌രിവാളിന് നിതീഷും യാദവും നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആം ആദ്മിക്കൊപ്പമാണെന്നും ഇരുവരും പ്രഖ്യാപിച്ചു.
വോട്ട് വിഭജനം തടയാന്‍ വേണ്ടി കഴിയുന്നത്ര സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ ഒരു പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം ശ്രമിക്കണമെന്നാണ് നിതീഷിന്റെ താല്‍പര്യം എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷം തമ്മില്‍ പരസ്പരം പോരടിക്കുന്നതിനാല്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം എന്നത് ഏറെ കടമ്പകള്‍ നിറഞ്ഞതാണ്.
എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ അവരോട് നില്‍ക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്.
content highlight: nitish to meet rahul and garge