| Thursday, 6th April 2023, 8:32 pm

ഔട്ടാണെന്ന് തീരുമാനിക്കും മുമ്പേ പവലിയനിലെത്തി ക്യാപ്റ്റന്‍; പ്രോട്ടോകോള്‍ പാലിക്കുന്നില്ലേ എന്ന് കമന്റേറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. കെ.കെ.ആറിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തിന്റെ ഏഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്യാപ്റ്റന്‍ നിതീഷ് റാണ പുറത്തായത്. മൈക്കല്‍ ബ്രേസ്‌വെല്‍ എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

താരത്തിന്‍റെ  ഗ്ലൗവില്‍ കൊണ്ട് ഉയര്‍ന്നുപോങ്ങിയ പന്ത് ദിനേഷ് കാര്‍ത്തിക് അനായാസം കൈപ്പിടിയിലൊതുക്കിയിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ആര്‍.സി.ബി ഡി.ആര്‍.എസ് എടുക്കുകയായിരുന്നു.

റിവ്യൂവില്‍ പന്ത് താരത്തിന്റെ ഗ്ലൗവില്‍ കൊള്ളുന്നു എന്ന കാര്യം വ്യക്തമായിരുന്നു. സ്‌ക്രീനില്‍ ഇത് കണ്ടതോടെ റാണ തിരികെ നടക്കുകയായിരുന്നു.

തേര്‍ഡ് അമ്പയറോ ഫീല്‍ഡ് അമ്പയറോ ഔട്ട് വിളിക്കുന്നതിന് മുമ്പായിരുന്നു താരത്തിന്റെ മടക്കം. ഫീല്‍ഡ് അമ്പയര്‍ ഔട്ട് സിഗ്നല്‍ ചെയ്യുമ്പോഴേക്കും റാണ ഡഗ് ഔട്ടിലെത്തിയിരുന്നു. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടിയാണ് താരം പുറത്തായത്.

താരം തിരികെ നടക്കുന്നതിനെ സംബന്ധിച്ച് കമന്റേറ്റര്‍മാര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. തേര്‍ഡ് അമ്പയര്‍ തന്റെ തീരുമാനമറിയിക്കുന്നതിന് മുമ്പ് തിരികെ നടക്കുന്നത് പ്രോട്ടോക്കോളിന് വിരുദ്ധമല്ലേ എന്നായിരുന്നു പരസ്പരം ചോദിച്ചത്.

അതേസമയം, നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. വെങ്കിടേഷ് അയ്യരുടെയും മന്ദീപ് സിങ്ങിന്റെയും ക്യാപ്റ്റന്‍ നിതീഷ് റാണയുടെയും വിക്കറ്റുകളാണ് കെ.കെ.ആറിന് നഷ്ടമായത്.

വെങ്കിടേഷിനെയും മന്ദീപിനെയും ഡേവിഡ് വില്ലി മടക്കിയപ്പോള്‍ നിതീഷ് റാണയെ ബ്രേസ്‌വെല്ലാണ് മടക്കിയത്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 36 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ റഹ്മത്തുള്ള ഗുര്‍ബാസും ആറ് പന്തില്‍ നാല് റണ്‍സ് നേടിയ റിങ്കു സിങ്ങുമാണ് ക്രീസില്‍.

Content Highlight: Nitish Rana walks back before deciding to be out

We use cookies to give you the best possible experience. Learn more