രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ്പ് ബി-യില്‍ മുംബൈ ഉത്തര്‍പ്രദേശിനെ നേരിടുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 195 റണ്‍സാണ് ഉത്തര്‍പ്രദേശിന് വിജയിക്കാന്‍ ആവശ്യമുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഇന്നിങ്‌സില്‍ വെറും 198 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ഷാംസ് മുലാനിയാണ് രഞ്ജിയിലെ രാജാക്കന്‍മാരായ മുംബൈയുടെ ടോപ് സ്‌കോറര്‍. 88 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.പി ക്യാപ്റ്റന്‍ നിതീഷ് റാണയുടെ സെഞ്ച്വറിയുടെയും സമര്‍ത്ഥ് സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ 324 റണ്‍സ് നേടി. റാണ 120 പന്തില്‍ 106 റണ്‍സ് നേടി പുറത്തായപ്പോള്‍ 107 പന്തില്‍ 63 റണ്‍സാണ് സിങ് സ്വന്തമാക്കിയത്.
കരിയറിലെ ഏഴാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് റാണ മുംബൈക്കെതിരെ കുറിച്ചത്. മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് ശേഷമുള്ള താരത്തിന്റെ സെലിബ്രേഷനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയാകുന്നത്.
സെഞ്ച്വറി നേടിയതിന് ശേഷം അത്യാവേശത്തോടെ തന്റെ ബാറ്റ് തുടച്ചാണ് അദ്ദേഹം ഈ നേട്ടം ആഘോഷിച്ചത്. തന്റെ പഴയ ടീമായ ദല്‍ഹിക്കെതിരെയാണ് താരത്തിന്റെ ആ ആഘോഷം വിരല്‍ചൂണ്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ദല്‍ഹി ടീമിന്റെ നായകനായിരുന്ന നിതീഷ് റാണയെ ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ദല്‍ഹി വിടുകയും ഉത്തര്‍പ്രദേശില്‍ ചേരുകയുമായിരുന്നു.
‘ബാറ്റില്‍ നിന്നും തുടച്ചുകളഞ്ഞത് ദല്‍ഹിയുമായുള്ള അവസാന ബന്ധമാണ്’, ‘ദല്‍ഹി ഇത് അര്‍ഹിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
റാണക്ക് ശേഷം യാഷ് ധുള്ളിനെയാണ് ദല്‍ഹി ക്യാപ്റ്റന്‍സിയേല്‍പിച്ചത്. എന്നാല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ദല്‍ഹി യാഷിനെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, മുംബൈക്കെതിരായ മത്സരത്തില്‍ വിജയത്തിനടുത്തെത്തിയിരിക്കുകയാണ് യു.പി. നാലാം ദിവസം ചായക്ക് പിരിയുമ്പോള്‍ 160ന് ഏഴ് എന്ന നിലയിലാണ് യു.പി ബാറ്റിങ് തുടരുന്നത്. 35 റണ്‍സ് കൂടി നേടിയാല്‍ യു.പിക്ക് വിജയിക്കാന്‍ സാധിക്കും.
Content highlight: Nitish Rana’s celebration goes viral