സൂര്യ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ അവനെ കൊന്നേനേ... കട്ടക്കലിപ്പില്‍ പലതും വിളിച്ചുപറഞ്ഞ് റാണ; കളിക്കളത്തില്‍ നാടകീയ രംഗങ്ങള്‍
IPL
സൂര്യ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ അവനെ കൊന്നേനേ... കട്ടക്കലിപ്പില്‍ പലതും വിളിച്ചുപറഞ്ഞ് റാണ; കളിക്കളത്തില്‍ നാടകീയ രംഗങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th April 2023, 6:57 pm

ഐ.പി.എല്‍ 2023ലെ 22ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വെങ്കിടേഷ് അയ്യരിന്റെ ബാറ്റിങ് കരുത്തില്‍ കൊല്‍ക്കൊത്ത മാന്യമായ സ്‌കോറിലേക്കെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്കായി വെങ്കിടേഷ് അയ്യര്‍ മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് വീശിയത്. നേരിട്ട 49ാം പന്തിലായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തിലെ രണ്ടാമത് മാത്രം സെഞ്ച്വറിയാണിത്.

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കായി നിര്‍ണായക പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ നിതീഷ് റാണക്കും ഈ മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.പത്ത് പന്തില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമാണ് റാണക്ക് നേടാന്‍ സാധിച്ചത്.

ഹൃതിക് ഷോകീനിന്റെ പന്തില്‍ തിലക് വര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

എന്നാല്‍ ശേഷം വാംഖഡെ കണ്ടത് നാടകീയ രംഗങ്ങളാണ്. റാണ പുറത്തായതിന് പിന്നാലെ സ്ലെഡ്ജ് ചെയ്യാനെത്തിയ ഷോകീന് മറുപടി പറഞ്ഞുകൊണ്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.

റാണ പുറത്തായതിന് പിന്നാലെ ഷോകീന്‍ റാണക്ക് സമീപമെത്തുകയും എന്തോ പറയുകയും ചെയ്തിരുന്നു. ഇതിന് പുറമെ റാണയോട് പുറത്ത് പോകാന്‍ ഷോകീന്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നിതീഷ് റാണ ദേഷ്യപ്പെട്ടുകൊണ്ട് ഷോകീനെതിരെ നടന്നടുക്കുകയായിരുന്നു. ഇതിനിടെ താരത്തിനടുത്തേക്ക് ഓടിയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റാണയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്തും താരം ഷോകീനിനെ നോക്കി ദേഷ്യത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, കെ.കെ.ആര്‍ ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 12 ഓവര്‍ പിന്നിടുമ്പോള്‍ 130ന് രണ്ട് എന്ന നിലയിലാണ്.

13 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 25 പന്തില്‍ നിന്നും 58 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. 17 പന്തില്‍ നിന്നും 23 റണ്‍സ് നേടിയ തിലക് വര്‍മയും 17 പന്തില്‍ നിന്നും 27 റണ്‌സ് നേടിയ സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

 

Content Highlight: Nitish Rana losses his cool and abuses Hritik Shokeen