|

അത് കണ്ടപ്പോഴുണ്ടായ രോമാഞ്ചം.... ആവേശമടക്കാനാകാതെ റസല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരുന്നു. ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുതിച്ചുകയറിയത്.

മറ്റൊരു ലാസ്റ്റ് ഓവര്‍ ത്രില്ലറിനായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ ആറ് റണ്‍സ് മാത്രം മതിയെന്നിരിക്കെയെറിഞ്ഞ അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ ബൗളിങ് ഒരുവേള മത്സരം പഞ്ചാബിന് അനുകൂലമാക്കിയെന്ന് തോന്നിച്ചിരുന്നു.

ആദ്യ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് പിറന്നത്. അഞ്ചാം പന്തില്‍ സൂപ്പര്‍ താരം ആന്ദ്രേ റസലിനെ പുറത്താക്കിയ അര്‍ഷ്ദീപ് കിങ്‌സിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ ബൗണ്ടറി നേടി റിങ്കു സിങ് മത്സരം കൊല്‍ക്കത്തക്ക് അനുകൂലമാക്കുകയായിരുന്നു.

മത്സരത്തിന് ശേഷം റിങ്കു സിങ്ങിനെ പുകഴ്ത്തുകയാണ് കെ.കെ.ആറിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ ആന്ദ്രേ റസല്‍. റിങ്കുവിന്റെ പ്രകടനം കണ്ടപ്പോള്‍ തനിക്ക് രോമാഞ്ചം വന്നുവെന്നാണ് റസല്‍ പറഞ്ഞത്.

‘എന്നത്തേയും പോലെ ഈ മത്സരത്തിലും റിങ്കു തകര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി,’ റസല്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഒന്നടങ്കം റിങ്കുവിന്റെ പേര് ചാന്റ് ചെയ്യുമ്പോള്‍ ഇതേ വികാരമായിരുന്നു തനിക്കും ഉണ്ടായതെന്നായിരുന്നു ക്യാപ്റ്റന്‍ നിതീഷ് റാണയുടെ പ്രതികരണം.

‘സ്റ്റേഡിയമൊന്നാകെ റിങ്കുവിന്റെ പേര് തുടര്‍ച്ചയായി ചാന്റ് ചെയ്തപ്പോള്‍ എന്റെ രോമം എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഇത് അവന്‍ കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്തതാണ്,’ റാണ പറഞ്ഞു.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിങ്കു സിങ് പുറത്തെടുത്തത്. പത്ത് പന്ത് നേരിട്ട റിങ്കു സിങ് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 21 റണ്‍സാണ് അടിച്ചുകൂട്ടിയത്.

റിങ്കുവിന് പുറമെ ഓപ്പണര്‍ ജേസണ്‍ റോയ്, ക്യാപ്റ്റന്‍ നിതീഷ് റാണ, ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍ എന്നിവരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 23 പന്തില്‍ നിന്നും മൂന്ന് വീതം സിക്‌സറും ഫോറും പറത്തിയാണ് റസല്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. മെയ് 11ന് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഇരുവരുടെയും കൊമ്പുകോര്‍ക്കലിന് വേദിയാകുന്നത്.

Content highlight: Nitish Rana and Andre Russel about Rinku Singh