| Sunday, 6th December 2020, 5:15 pm

ബി.ജെ.പിയുടെ അട്ടിമറി സാധ്യത മുന്നില്‍ക്കണ്ട് ജെ.ഡി.യു?, ആര്‍.എല്‍.എസ്.പി ജെ.ഡി.യുവില്‍ ലയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ ആര്‍.എല്‍.എസ്.പി, ജെ.ഡി.യുവില്‍ ലയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹയും ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലയനം സംബന്ധിച്ച് പരസ്യപ്രതികരണത്തിന് ആര്‍.എല്‍.എസ്.പി തയ്യാറായിട്ടില്ലെങ്കിലും ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ പരോക്ഷമായി ലയന സാധ്യതകള്‍ പങ്കുവെക്കുന്നുണ്ട്.

നിലവില്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും എന്നാല്‍ നാളെ എന്ത് നടക്കുമെന്നറിയില്ലെന്നുമാണ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞത്. കുശ്വാഹയും തങ്ങളും വിശ്വസിക്കുന്നത് ഒരു രാഷ്ട്രീയത്തിലാണെന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നുമാണ് ജെ.ഡി.യു പറഞ്ഞത്.

നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടര്‍ന്ന് 2013 ലാണ് കുശ്വാഹ ആര്‍.എല്‍.എസ്.പി രൂപീകരിക്കുന്നത്. 2014 ല്‍ എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന കുശ്വാഹ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

2017 ല്‍ ജെ.ഡി.യു എന്‍.ഡി.എയിലേക്കെത്തിയപ്പോള്‍ സഖ്യം വിട്ട ആര്‍.എല്‍.എസ്.പി ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായി.

എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ മഹാസഖ്യത്തിന് കഴിയാതിരുന്നതോടെ 2020 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മും ഭാഗമായ സഖ്യത്തില്‍ ചേര്‍ന്നു.

നിതീഷ് കുമാറിന്റെ വിശ്വസ്തനായ കുശ്വാഹയെ 2004 ല്‍ ആദ്യമായി എം.എല്‍.എയായപ്പോള്‍ പ്രതിപക്ഷ നേതാവാക്കിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ജയിച്ചെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെ.ഡി.യുവിന് കുറഞ്ഞ സീറ്റുകളെ ലഭിച്ചിരുന്നുള്ളൂ.

ബി.ജെ.പി മികച്ച മുന്നേറ്റമുണ്ടാക്കിയത് ജെ.ഡി.യുവിന്റെ സംസ്ഥാനത്തെ അടിത്തറയിളക്കുമോ എന്ന ഭയം പാര്‍ട്ടിക്കുള്ളിലുണ്ട്. സഖ്യത്തിലാണെങ്കിലും കൂടുതല്‍ സീറ്റുള്ള ബി.ജെ.പി വരുംകാലങ്ങളില്‍ വിലപേശല്‍ നടത്താനുള്ള സാധ്യതയും പാര്‍ട്ടി മുന്നില്‍ കാണുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒ.ബി.സി മേഖലയിലെ ശക്തമായ സാന്നിധ്യമായ ആര്‍.എല്‍.എസ്.പിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nitish-Kushwaha meeting triggers reunion buzz

We use cookies to give you the best possible experience. Learn more