| Monday, 25th June 2018, 2:03 pm

സഖ്യം വേണ്ടെങ്കില്‍ പിരിഞ്ഞുപോകാം; ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു ഭിന്നത രൂക്ഷമാകുന്നു. ബീഹാറില്‍ ബി.ജെ.പിക്ക് സഖ്യകക്ഷികളായ തങ്ങളെ വേണ്ടെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു മുഖ്യവക്താവ് സജ്ഞയ് സിങ് പറഞ്ഞു.

“”വാര്‍ത്തകളില്‍ ഇടംപിടിക്കാനായി പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി നേതാക്കള്‍ സ്വയം നിയന്ത്രിക്കുന്നത് നന്നാകും. 2014 ഉം 2019 ഉം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിതീഷ് ജി ഇല്ലാതെ വിജയിക്കാനാവില്ലെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. ഇനി ബി.ജെ.പിക്ക് സഖ്യം വേണ്ട എന്നുണ്ടെങ്കില്‍ ബീഹാറിലെ 40 സീറ്റുകളിലും ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് “”- സഞ്ജയ് സിങ് പറഞ്ഞു.


Dont Miss ചില ആട്ടക്കാരികളുടെ നൃത്തം കണ്ട് കാലിളക്കുന്നവരാണ് കോണ്‍ഗ്രസിലുള്ളവര്‍; നര്‍ത്തകി സപ്‌ന ചൗധരിയെ ആക്ഷേപിച്ച് ബി.ജെ.പി എം.പി


അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ് ബി.ജെ.പിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തോടൊപ്പം നില്‍ക്കണമെങ്കില്‍ സീറ്റ് വിഭജനത്തില്‍ ബി.ജെ.പി വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടി വരുമെന്ന് ജെ.ഡി(യു) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് സീറ്റുകളില്‍ കാര്യമായ മുന്‍തൂക്കം വേണമെന്നാണ് ജെ.ഡി.(യു)വിന്റെ ആവശ്യം.


മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


2014 ലെ തെരഞ്ഞെടുപ്പ്, വരാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മാനദണ്ഡമാക്കാന്‍ കഴിയില്ലെന്ന് ജെ.ഡി.(യു.) നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 2004ലും 2009ലും എന്‍.ഡി.എ സഖ്യത്തോടൊപ്പം മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയില്‍ തന്നെയായിരിക്കണം സീറ്റ് വിഭജനം എന്നാണ് ജെ.ഡി(യു)വിന്റെ ആവശ്യം. 2004ല്‍ ജെ.ഡി(യു)വിന് 24ഉം 2009ല്‍ 25ഉം ആയിരുന്നു സീറ്റുകളുടെ എണ്ണം. ഈ വര്‍ഷങ്ങളില്‍ 16ഉം 15ഉം സീറ്റുകളായിരുന്നു ബി.ജെ.പിക്ക് മത്സരിക്കാന്‍ ലഭിച്ചിരുന്നത്.

2014 ല്‍ സ്ഥിതി കീഴ്മേല്‍ മറിഞ്ഞു. ഒറ്റക്ക് മത്സരിച്ച ജെ.ഡി(യു)വിന് രണ്ടു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ആര്‍.എല്‍.എസ്.പിയുമായും എല്‍.ജെ.പിയുമായും ചേര്‍ന്ന് മത്സരിച്ച ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യം 31 സീറ്റോടെ ഗംഭീരവിജയവും നേടി.

പക്ഷെ 2015 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിനൊപ്പം മത്സരിച്ച ജെ.ഡി(യു) 71 സീറ്റുകളിലാണ് ജയിച്ചത്. ബി.ജെ.പിക്ക് 53 ഉം ആര്‍.എല്‍.എസ്.പിക്കും എല്‍.ജെ.പിക്കും രണ്ടും സീറ്റുകളാണ് ലഭിച്ചത്.


മൂന്നാറിലെ വീട് നിര്‍മാണം: എന്‍.ഒ.സി പിന്‍വലിക്കാന്‍ കെ.എം മാണിയുടെ അടിയന്തര പ്രമേയം; പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി


ഇക്കഴിഞ്ഞ ഉപതെരഞ്ഞടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബി.ജെ.പി സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ബലപ്പെടുത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് ജെ.ഡി(യു) ഉറച്ച തീരുമാനങ്ങളും ആവശ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അതേസമയം ബി.ജെ.പിയുമായുള്ള ഭിന്നത വെളിവാക്കും വണ്ണം അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. പാറ്റ്നയില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ പരിപാടികളില്‍ നിന്നാണ് നിതീഷ് വിട്ടുനിന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗ പരിപാടിയില്‍ പങ്കെടുത്തില്ല.

നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ നിതീഷ് യോഗാ ദിനാചരണം സംഘടിപ്പിച്ചിരുന്നില്ല. പക്ഷേ ബി.ജെ.പിയുമായി സഖ്യമായതോടെ ഇത്തവണ നിതീഷ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിതീഷ് ബിഹാറിന് പ്രത്യേക സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിട്ടും മോദി സര്‍ക്കാര്‍ നല്‍കാതിരുന്നതിനാല്‍, ബി.ജെ.പിക്ക് താനും പ്രത്യേക പരിഗണന നല്‍കില്ലെന്ന സന്ദേശമാണ് വിട്ടുനിന്നതിലൂടെ നിതീഷ് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

We use cookies to give you the best possible experience. Learn more