പട്‌ന: ബീഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ സന്തോഷം വിചിത്രമായി ആഘോഷിച്ച് ആരാധകന്‍. നാലാം തവണയും നിതീഷ് മുഖ്യമന്ത്രിയായതിന് തന്റെ കൈയിലെ നാലാമത്തെ വിരല്‍ മുറിച്ചാണ് ആരാധകന്റെ ആഹ്ലാദപ്രകടനം.
ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭവം. ജില്ലയിലെ വൈന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ ശര്‍മ്മ എന്ന 45 കാരനാണ് കൈവിരല്‍ മുറിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ ഈ രീതിയിലാണ് നിതീഷിന്റെ വിജയം കൊണ്ടാടിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഓരോ തവണ നിതീഷ് മുഖ്യമന്ത്രിയായപ്പോഴും തന്റെ ഇടതു കൈയിലെ വിരലുകളാണ് ഇയാള്‍ മുറിച്ചത്. പ്രദേശത്തെ ഗോരയ്യ ബാബ എന്ന ദൈവത്തിന് മുന്നിലാണ് ഇയാള്‍ വിരലുകള്‍ ബലിയര്‍പ്പിച്ചത്.
2005 ലാണ് ശര്‍മ്മ ആദ്യമായി വിരല്‍ മുറിച്ചത്. നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു ഇത്. പിന്നീട് തുടര്‍ച്ചയായി 2010, 2015 വര്‍ഷങ്ങളിലും നിതീഷ് മുഖ്യമന്ത്രിയായി. അപ്പോഴെല്ലാം ശര്‍മ്മ ഇതേ ആചാരം നിലനിര്‍ത്തി.
നാലാം തവണയും നിതീഷ് അധികാരത്തിലെത്തിയതോടെയാണ് തന്റെ നാലാമത്തെ വിരല്‍ ഇയാള്‍ മുറിച്ചത്.
എന്തിനാണ് ഇത്തരത്തില്‍ വിരലുകള്‍ മുറിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിജയം ആഘോഷിക്കാന്‍ തനിക്ക് തന്റേതായ വഴികളുണ്ടെന്നായിരുന്നു ശര്‍മ്മയുടെ പ്രതികരണം.
ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മുഖ്യമന്ത്രി എന്നെ കാണാന്‍ വരില്ലെന്നറിയാം. എന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം കുറയില്ല, ശര്‍മ്മ പറഞ്ഞു.
അതേസമയം ഈ സംഭവത്തെക്കുറിച്ച് തങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അന്വേഷണത്തിനായി ഒരു സംഘത്തെ ഉടന്‍ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശര്‍മ്മയുടെ മൊഴി രേഖപ്പെടുത്തും. അദ്ദേഹത്തെ ഉടന്‍ തന്നെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും എസ്.എച്ച്.ഒ സത്യേന്ദ്ര കുമാര്‍ പറഞ്ഞു.
സ്വയം മുറിവേല്‍പ്പിക്കുന്നതും ഉപദ്രവിക്കുന്നതും ഐ.പി.സി 322 മുതല്‍ 324 വരയുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. രോഗിയുടെ മാനസികാവസ്ഥ ഇതില്‍ പ്രധാനമാണ്.
അതേസമയം തികച്ചും മനുഷ്യത്വരഹിതമാണ് ഈ പ്രവൃത്തിയെന്നാണ് ജെ.ഡി.യു ദേശീയ സെക്രട്ടറി സഞ്ജയ് വര്‍മ്മ പറഞ്ഞത്. ശര്‍മ്മയെ കാണാനും ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ക്ക് വേറെയും മാര്‍ഗ്ഗങ്ങളുണ്ട്. ശര്‍മ്മയ്ക്ക് കൃത്യമായി വൈദ്യസഹായം നല്‍കാനും കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം ശ്രദ്ധിക്കേണ്ടതാണ്, വര്‍മ്മ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക