| Tuesday, 9th August 2022, 3:26 pm

ബിഹാറിന് ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ അത് നിതീഷ് കുമാര്‍ തന്നെയായിരിക്കും; നിലപാട് വ്യക്തമാക്കി ജെ.ഡി(യു)

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറില്‍ എന്‍.ഡി.എയില്‍ നിന്നും ജെ.ഡി.യു രാജിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി ജെ.ഡി (യു) വൃത്തങ്ങള്‍. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രിസ്ഥാനം വിട്ടുകൊടുത്ത് മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു ജെ.ഡി (യു)വിന്റെ പ്രതികരണം.

‘അംഗസംഖ്യ കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാനോ മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാനോ ജനതാദള്‍ യുണൈറ്റഡ് തയ്യാറല്ല. പുതിയ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവും. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അതിന് വേണ്ട നടപടികളും പൂര്‍ത്തിയാക്കും’, ജെ.ഡി (യു) പറഞ്ഞു.

16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ.ഡി.യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാനാകും. അങ്ങനെയെങ്കില്‍ എന്‍.ഡി.എ 82 സീറ്റിലേക്കൊതുങ്ങും. കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം, സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുമായുള്ള വിയോജിപ്പ്, ജാതി സെന്‍സസ്, അഗ്നിപഥ് പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി -ജെ.ഡി.യു ബന്ധം വഷളാക്കിയത്.

ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടത് നേതാക്കളും നിതീഷ് കുമാറിനെ അറിയിച്ചിരുന്നു.

അതേസമയം നീതീഷ് കുമാറിന്റെ രാജിയ്ക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.

അതേസമയം ജെ.ഡിയുവിന് പിന്തുണയറിയിച്ച് കൊണ്ട് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രംഗത്തെത്തിയിരുന്നു.

ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ബിഹാര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍
യോഗം ചേരുന്നുണ്ട്. തേജസ്വി യാദവാണ് പാര്‍ട്ടിയുടെ തലവന്‍.

തേജസ്വി യാദവും 2017ലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും, ജെ.ഡി.യു, കോണ്‍ഗ്രസ് തുടങ്ങിയവയുടെ സഖ്യസര്‍ക്കാരായിരുന്നു 2017ല്‍ ബിഹാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടി നിതീഷ് തേജസ്വിക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ബി.ജെ.പിയിലെത്തിയത്.

Content Highlight: Nitish kumar will continue to be the chief minister of bihar says  JDU officials

We use cookies to give you the best possible experience. Learn more