| Sunday, 23rd August 2020, 5:10 pm

പാസ്വാന്റെ ഒളിയമ്പേറ്റില്ല, ബി.ജെ.പിക്ക് പൂര്‍ണ വിശ്വാസം; ബീഹാറില്‍ എന്‍.ഡി.എയുടെ മുഖമായി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയെ നയിക്കുന്നത് നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. ബി.ജെ.പിയും ജെ.ഡി.യുവും എല്‍.ജെ.പിയും ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നദ്ദ പറഞ്ഞു.

ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും തമ്മില്‍ പ്രകടമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കേയാണ് ബി.ജെ.പി അധ്യക്ഷന്റെ പ്രഖ്യാപനം.

ബീഹാറില്‍ കൊവിഡ് അതിരൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങള്‍ നിതീഷ് കുമാര്‍ നടത്തുമ്പോഴും ഒളിയമ്പുമായി പാസ്വാന്‍ എത്തിയിരുന്നു.

കൊവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ബീഹാറിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കാതെ കേന്ദ്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത് സഖ്യകക്ഷിയായ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ഒളിയമ്പായാണ് വിലയിരുത്തപ്പെട്ടത്.

നിതീഷ് കുമാറിന്റെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ കുറച്ചു നാളായി ചിരാഗ് പാസ്വാന്‍ നടത്തിവരുന്നത്. ജെ.ഡിയുവുമായി സംസ്ഥാനത്ത് തങ്ങള്‍ സഖ്യത്തിലല്ലെന്നും ബി.ജെ.പിയുമായി മാത്രമാണ് തങ്ങളുടെ സഖ്യമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന നിതീഷ് കുമാറിന്റെ തീരുമാനത്തെ പസ്വാന്റെ നീക്കം പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നുവരെ ഒരുഘട്ടത്തില്‍ എല്‍.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു.

എല്‍.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള വാക്‌പോരില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കിയത്.

സംസ്ഥാനത്ത് സഖ്യത്തിലല്ലെങ്കിലും എന്‍.ഡി.എ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി ഭരണകക്ഷിക്കെതിരെ വലിയ വിമര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഇരു പാര്‍ട്ടികളും കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Nitish Kumar Will Be Chief Minister Candidate For Bihar Polls: JP Nadda

Latest Stories

We use cookies to give you the best possible experience. Learn more