| Tuesday, 3rd October 2023, 2:23 pm

ജാതി സര്‍വ്വേ; ദേശീയ രാഷ്ട്രീയത്തില്‍ ശക്തനാകാനൊരുങ്ങി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി സര്‍വ്വേ പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തനാവുകയാണ് നിതീഷ് കുമാര്‍. പുറത്തുവന്ന സര്‍വ്വേ ഫലം നിതീഷ് പക്ഷത്തിന് ശക്തിപകരുന്നതാണ്. ഇ.ബി.സി (എക്സ്ട്രീം ബാക്ക്വേര്‍ഡ് കമ്മ്യൂണറ്റി), ഒ.ബി.സി, വിഭാഗങ്ങളിലും യാദവ വിഭാഗമല്ലാത്തവരിലും നിതീഷ് പക്ഷത്തിന് കാര്യമായ പിന്തുണയുണ്ട്. ഇവയെല്ലാം തന്നെ പാര്‍ലിമെന്ററി ഇലക്ഷന് ശക്തമായ സ്വധീനം ചെലുത്താനാകുന്ന വോട്ട് ബാങ്കുകളാണ്.

സര്‍വ്വേ ഫലമനുസരിച്ച് 36.01% ഇ.ബി.സി വോട്ടര്‍മാരും 27.12% ഒ.ബി.സി വിഭാഗവും, 14.26% യാദവ വോട്ടര്‍മാരുമാണ് ബീഹാറിലുള്ളത്. ആദിവാസി വോട്ടര്‍മാരുടെ ഏണ്ണം 2011ലെ 15% ത്തില്‍ നിന്ന് 19% ഇയര്‍ന്നിട്ടുണ്ട്. ഇ.ബി.സി ഒ.ബി.സി വിഭാഗത്തില്‍ പദ്മാന്ത മുസ്‌ലീങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

തന്റെ ജാതികൂടാതെ ഇ.ബി.സി മഹാദളിത് വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഇതുവഴി നിതീഷിനാവും. അതേസമയം ജാതി സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തും.

മൂന്ന് വര്‍ഷം മുന്‍പ് തന്നെ ജാതി സര്‍വേക്കായുള്ള പ്രവര്‍ത്തനം നിതീഷ് കുമാര്‍ ആരംഭിക്കുകയും നടപ്പിലാക്കാനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജാതിസര്‍വേ പുറത്തുവന്നതോടെ നിതീഷിന്റെ അപ്രമാദിത്യം ഉറപ്പിക്കാമെന്നും ഇത് നിതീഷിനെ മറ്റു നേതാക്കളെക്കാള്‍ വളരെ മുന്നിലെത്തിക്കുമെന്നും കേവലം ബീഹാറില്‍ മാത്രമല്ല യു.പിയിലെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് മുതിര്‍ന്ന ജെ.ഡിയു നേതാവ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം ഒരുമിച്ചാണ് മത്സരിച്ചത്. ഇതില്‍ നിതീഷ് വിഭാഗം 71 മണ്ഡലങ്ങളില്‍ 43 ഇടത്ത് വിജയിച്ചു. സഖ്യ കക്ഷിയായ ബി.ജെ.പി 74 സീറ്റിലും വിജയിച്ചു. എന്നാല്‍ പിന്നീട് ആര്‍.ജെ.ഡി യോടൊപ്പം ചേര്‍ന്ന് 75 സീറ്റില്‍ വിജയിച്ചാണ് നിതീഷ് മുഖ്യമന്ത്രിയായത്.

ജാതി സര്‍വ്വേ ചര്‍ച്ചയാകുമ്പോള്‍ പഴയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടിയാണ് ചര്‍ച്ചകളിലേക്ക് ഉയരുന്നത്. 1980ല്‍ വി.പി.സിംങ് സര്‍ക്കാറാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തി ബി.ജെ.പി നടത്താനുദ്ദേശിച്ച മുന്നേറ്റം തടയിടാനാണ് വി.പി സിംഗ് അന്ന് റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. ഇപ്പോള്‍ ജാതി സര്‍വ്വേയിലുടെ നിതീഷ് കുമാറും ലക്ഷ്യമിടുന്നത് ഇത്തരമൊരു മുന്നേറ്റമാണ്.

We use cookies to give you the best possible experience. Learn more