|

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നിതീഷിന്റെ പടയൊരുക്കം മോദിയുടെ മടയില്‍ നിന്ന്; വാരാണസി തെരഞ്ഞെടുക്കാന്‍ കാരണം മറ്റൊന്നെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുകള്‍ ആസൂത്രണം ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിലെ പ്രധാന കക്ഷിയായ ജെ.ഡി.യു മോദി സര്‍ക്കാരിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്താനുള്ള ഒരുക്കത്തിലാണ്.

നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നാണ് നിതീഷ് തന്റെ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുകള്‍ക്ക് തുടക്കമിടുന്നത്. ഡിസംബര്‍ 24ന് വാരാണസിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ നിതീഷ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ശേഷം മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും നിതീഷ് സന്ദര്‍ശിക്കും.

തിങ്കളാഴ്ച തന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിതീഷ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

നിതീഷിന്റെ ഈ പര്യടനം ഇന്ത്യ സഖ്യവുമായി ബന്ധമുള്ളതല്ല. എന്നിരുന്നാലും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ അതേ ലക്ഷ്യം തന്നെയാണ് നിതീഷിന്റെ ഈ ക്യാംപെയ്‌നുകള്‍ക്ക് ഉള്ളതെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി. ത്യാഗി പറഞ്ഞു.

പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ വാരാണസി തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയുടെ മണ്ഡലമായതിനാലാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന നേതാവ് രാജ് നരേന്റെ ജന്മസ്ഥലമായതിനാലാണ് വാരാണസിയില്‍ നിന്നും ക്യാംപെയ്ന്‍ ആരംഭിക്കുന്നതെന്നും ത്യാഗി പറഞ്ഞു. വാരാണസി സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമാണെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക നീതിയെക്കുറിച്ച് പ്രമുഖ നേതാക്കളുമായും പൊതുജനങ്ങളുമായും ചര്‍ച്ച നടത്താനായി നിതീഷ് വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാരാണസിയില്‍ നിന്നാണ് അദ്ദേഹം തന്റെ പ്രചാരണപരിപാടികള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത, പട്ടേല്‍ സമുദായങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രതിനിധികളില്‍ നിന്നും നിതീഷിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ നിതീഷിനെക്കാള്‍ മികച്ച നേതാവില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജയ് തിവാരി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ‘ഇന്ത്യ’ കൂട്ടായ്മയെ നിതീഷ് നയിച്ചാല്‍ തീര്‍ച്ചയായും നല്ല ഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെ അമിത ആത്മവിശ്വാസം മൂലമാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Content Highlight:  Nitish Kumar to start 2024 election campaign from Narendra Modi’s constituency of Varanasi