| Monday, 8th August 2022, 8:00 am

നിതീഷ് കുമാര്‍ എന്‍.ഡി.എ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്; എം.എല്‍.എമാരുടെ അടിയന്തര യോഗം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍.ഡി.എ വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വ്യാപകമാകുന്നതിനിടെ ഇന്ന് എം.എല്‍.എമാരുടെ അടിയന്തര യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പട്‌നയിലായിരിക്കും യോഗം നടക്കുക.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും എം.എല്‍. എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിതീഷ് കുമാര്‍ നേരത്തെ ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അഗ്‌നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നീതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നതും വിവാദമായിരുന്നു.

ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന തര്‍ക്കമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.

സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പിയുമായി തുടരുന്ന അതൃപ്തി കാരണം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു.

ആഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക മോദി സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. എന്നാല്‍ നിതീഷ് കുമാറിന്റെ ഇത്തരം നിലപാടുകളോട് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

Content Highlight: Nitish kumar to leave NDA says reports

We use cookies to give you the best possible experience. Learn more