Advertisement
national news
ചന്ദ്രബാബു നായിഡു ദല്‍ഹിയിലേക്ക്; ഒരേ വിമാനത്തില്‍ നിതീഷും തേജസ്വി യാദവും; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 05, 08:58 am
Wednesday, 5th June 2024, 2:28 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോള്‍ നിര്‍ണായക ഘടകമായിരിക്കുകയാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാറും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും. എന്‍.ഡി.എയുടെ കൂടെ ഉറച്ച് നില്‍ക്കുെമന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചന്ദ്രബാബു നായിഡു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ദല്‍ഹിയില്‍ വെച്ച് നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ചന്ദ്രബാബു നായിഡു എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് പോകാനിരിക്കെ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും നിതീഷ് കുമാറും വിമാനത്തില്‍ ഒരുമിച്ച് സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും വിമാനത്തില്‍ ഒരുമിച്ചെന്ന അടിക്കുറിപ്പോടെയാണ് പി.ടി.ഐ വീഡിയോ പങ്കുവെച്ചത്.

സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ കണ്ണുകളും നിതീഷിലേക്കും ചന്ദ്രബാബു നായിഡുവിലേക്കും നീങ്ങുന്നതിനിടെ ഇരു നേതാക്കളുടെയും അടുത്ത നിലപാട് എന്തായിരിക്കുമെന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

തങ്ങളുടെ പിന്തുണ ഇല്ലാതെ ബി.ജെ.പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നിരിക്കെ നിതീഷും ചന്ദ്രബാബു നായിഡുവും പരമാവധി വിലപേശലുകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പടെ ഇരു നേതാക്കളും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിനും, ആന്ധ്രാപ്രദേശിനും പ്രത്യേക പദവി നല്‍കുന്നതിനോടൊപ്പം ആഭ്യന്തര മന്ത്രി സ്ഥാനം ഉള്‍പ്പടെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപീകരണ വിഷയം ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ആറ് മണിക്ക് ദല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗം ചേരുന്നുണ്ട്.

Content Highlight:  Nitish Kumar, Tejashwi Yadav take same flight to Delhi