| Tuesday, 21st March 2023, 4:52 pm

ഇംഗ്ലീഷിലെഴുതിയ ഡിസ്‌പ്ലേ ബോര്‍ഡ് കണ്ട് ക്ഷുഭിതനായി നിതീഷ് കുമാര്‍; ചുവപ്പ് കണ്ടാല്‍ മദമിളകുന്ന കാളയെപ്പോലെയാണ് ഇംഗ്ലീഷ് കണ്ട നിതീഷെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെ വീണ്ടും ക്ഷുഭിതനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത്തവണ നിയമസഭയ്ക്കുള്ളില്‍ വെച്ചായിരുന്നു സംഭവം. നിയമനിര്‍മാണ സഭയിലെ ഡിസ്‌പ്ലേ ബോര്‍ഡിലെ വാചകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയതാണ് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ബജറ്റ് സമ്മേളനത്തിനായി സഭയിലെത്തിയപ്പോഴായിരുന്നു ഇംഗ്ലീഷിലെഴുതിയ ബോര്‍ഡ് നിതീഷ് കുമാറിന്റെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ ജെ.ഡി.യു നേതാവായ ദേവേഷ് ചന്ദ്ര താക്കൂറിനോട് നിതീഷ് കുമാര്‍ ക്ഷുഭിതനായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ കാണാം.

എല്ലാ നിര്‍ദേശങ്ങളും ഹിന്ദിയില്‍ എഴുതണമെന്നും, ഹിന്ദിയെ ഇല്ലാതാക്കാനാണോ ഉദ്ദേശമെന്നും നിതീഷ് കുമാര്‍ ചോദിക്കുന്നുണ്ട്.

ഇംഗ്ലീഷ് ബോര്‍ഡ് മാറ്റി ഹിന്ദി ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം സമാന രീതിയില്‍ ഇംഗ്ലീഷ് ഉപയോഗിച്ചതിനെതിരെ നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷിന് പ്രസംഗം അവതരിപ്പിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിതീഷ് കുമാര്‍ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കൊവിഡ് കാലത്ത് ജനങ്ങളെല്ലാം ഫോണ്‍ ഉപയോഗം കൂട്ടിയതോടെയാണ് രാജ്യത്ത് ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരം ഉണ്ടായതെന്നും ജനങ്ങള്‍ ഹിന്ദി മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നിതീഷ് കുമാറിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ചുവന്ന തുണി കാണുമ്പോള്‍ കാളയ്ക്ക് മദമിളകുന്നത് പോലെയാണ് നിതീഷ് കുമാറിന്റെ അവസ്ഥയെന്നായിരുന്നു ബി.ജെ.പി സംസ്ഥാന വക്താവ് നിഖില്‍ ആനന്ദിന്റെ പരാമര്‍ശം.

Content Highlight:  Nitish Kumar Snaps Again Over Use Of English, This Time In Assembly

We use cookies to give you the best possible experience. Learn more