| Wednesday, 31st January 2024, 4:38 pm

ഇന്ത്യ മുന്നണിയുടെ പേര് മാറ്റണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു, അവർ സമ്മതിച്ചില്ല: നിതീഷ് കുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ഇന്ത്യ മുന്നണി ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ അഥവാ ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന് പേരിടരുത് എന്ന് താൻ കോൺഗ്രസിനോടും മറ്റ് സഖ്യ കക്ഷികളോടും ആവശ്യപ്പെട്ടിരുന്നുവെന്ന് നിതീഷ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ അന്തിമമാകാത്തതാണ് മുന്നണി വിടാൻ കാരണമെന്നാണ് ജെ.ഡി.യു അധ്യക്ഷനായ നിതീഷ് പറയുന്നത്.

‘മുന്നണിക്ക് മറ്റൊരു പേര് തെരഞ്ഞെടുക്കുവാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ആ പേര് ഇതിനകം നിശ്ചയിച്ചിരുന്നു. ഞാൻ വളരെയധികം പരിശ്രമിച്ചിരുന്നു. അവർ ഒരു കാര്യവും ചെയ്തില്ല.

ഇന്നുവരെ ഏതു പാർട്ടി എത്ര സീറ്റുകളിൽ മത്സരിക്കും എന്നുപോലും അവർ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ അവരെ ഉപേക്ഷിച്ച് ആദ്യം ഉണ്ടായിരുന്നവർക്കൊപ്പം വന്നത്. ഞാൻ ബീഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും,’ നിതീഷ് കുമാർ പറഞ്ഞു.

ബീഹാർ ജാതി സെൻസസിന് രാഹുൽ ഗാന്ധി വ്യാജ അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുകയാണെന്നും നിതീഷ് കുമാർ ആരോപിച്ചു.

‘എപ്പോഴാണ് ജാതി സെൻസസ് നടത്തിയത് എന്ന് അദ്ദേഹം മറന്നോ? ഒമ്പത് പാർട്ടികളുടെ സാന്നിധ്യത്തിലാണ് ഞാനത് നടത്തിയത്. 2019-20 കാലയളവിൽ നിയമസഭ മുതൽ പൊതുയോഗങ്ങൾ വരെ എല്ലായിടത്തും ഞാൻ ജാതി സെൻസസ് നടത്തുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം (രാഹുൽ ഗാന്ധി) വ്യാജ അവകാശവാദം ഉന്നയിക്കുന്നു. എനിക്കെന്തു ചെയ്യാൻ പറ്റും?’ നിതീഷ് കുമാർ പറഞ്ഞു.

CONTENT HIGHLIGHT: Nitish Kumar says demanded ‘another name’ for INDIA bloc, attacks Rahul Gandhi

We use cookies to give you the best possible experience. Learn more