ന്യൂദൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് കൂടുമാറിയതിനു പിന്നാലെ ട്രോളുകളും കാർട്ടൂണുകളുമായി സാമൂഹ്യ മാധ്യമങ്ങൾ.
കോൺഗ്രസ് നേതാവ് ജയറാം രമേശ് മുതൽ സാധാരണ അക്കൗണ്ടുകൾ വരെ നിതീഷ് കുമാറിനെ ട്രോളുന്നുണ്ട്.
‘സത്യപ്രതിജ്ഞ ചൊല്ലിയശേഷം നിതീഷ് കുമാർ ജി തന്റെ സ്കാഫ് രാജ് ഭവനിൽ മറന്നുവെച്ചു. അത് എടുക്കാൻ തിരിച്ചു വന്നപ്പോൾ ഗവർണർ ഞെട്ടലോടെ ആലോചിച്ചത് ഈ പ്രാവശ്യം 15 മിനിട്ട് പോലും ആയില്ലല്ലോ എന്നാണ്,’ ജയറാം രമേശ് എക്‌സിൽ പോസ്റ്റ് ചെയ്തു.
शपथ लेने के बाद नीतीश कुमार जी अपना मफलर राज भवन में भूल गये।
आधे रास्ते से वापिस लौटकर लेने आए तो राज्यपाल जी चौंक गए कि इस बार तो 15 मिनट भी नहीं हुए।
നിതീഷ് കുമാറിന്റെ പേരിനെ ക്രിയയാക്കി മാറ്റി വാചകങ്ങളിൽ ഉപയോഗിച്ച് ട്രോൾ ചെയ്യുന്നുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അവൻ എന്നെ ചതിച്ചു എന്നതിന് പകരം He Nitished me (അവൻ എന്നെ നിതീഷ് ചെയ്തു) എന്നാണ് ഇപ്പോൾ ചിലർ തമാശ രൂപേണ ഉപയോഗിക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പറയുന്നു.
നിതീഷ് കുമാറിൽ നിന്ന് പഠിക്കേണ്ട അഞ്ച് കോർപ്പറേറ്റ് പാഠങ്ങൾ പട്ടികപ്പെടുത്തിയിരിക്കുകയാണ് കുങ്ഫു പാൻഡെ എന്ന എക്സ് അക്കൗണ്ട്. എപ്പോഴും മാറ്റത്തിന് തയ്യാറാകണം, ശരിയായ സമയത്ത് ചാടണം, ഒരിക്കലും തിരിച്ചുമടങ്ങാനുള്ള സാധ്യതകൾ ഇല്ലാതാക്കരുത്, ഒരേ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യുവാൻ സന്നദ്ധമാക്കുക, കൈയിൽ മറ്റൊരു ഓഫർ വരാതെ ക്വിറ്റ് ചെയ്യരുത് എന്നിങ്ങനെയാണ് പട്ടികയിലെ പാഠങ്ങൾ.
ബീഹാറിലെ മഹാസഖ്യമായ മഹാഗത്ബന്ധനിലും ഇന്ത്യ മുന്നണിയിലും കാര്യങ്ങൾ ശരിയല്ല എന്ന് പറഞ്ഞ് ജനുവരി 28നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് 18 മാസം മുമ്പ് ഉപേക്ഷിച്ച ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇത് ഒമ്പതാം തവണയാണ് നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ അഞ്ചാം തവണയാണ് നിതീഷ് കൂറുമാറുന്നത്.
നിതീഷ് കുമാർ സി.ഇ.ഒമാർക്ക് റോൾ മോഡൽ ആണെന്നാണ് മുത്തുകൃഷ്ണൻ എന്നയാൾ എക്‌സിൽ പരിഹസിച്ചത്. എല്ലാ ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കുമിടയിൽ ഒമ്പത് തവണ നിങ്ങൾ സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ കോർപ്പറേറ്റ് ഇന്ത്യയിലെ സി.ഇ.ഒമാർക്ക് മാതൃകയാണ് നിങ്ങളെന്നാണ് പോസ്റ്റ്.
My advice to youngsters:
Learn from Nitish how to love one’s job. Colleagues and team may change, but his job never change.
എക്‌സിൽ പോസ്റ്റ് ചെയ്ത മറ്റൊരു ട്രോളിൽ നിതീഷ് കുമാറിന്റെയും യു ടേൺ സൈൻ ബോർഡിന്റെയും ചിത്രമാണ് ഒരാൾ പങ്കുവെച്ചത്. നിതിൻ ഗഡ്കരി എല്ലാ യു ടേൺ സൈൻ ബോഡുകളും പിൻവലിച്ച് പകരം നിതീഷ് കുമാറിന്റെ ഫോട്ടോ വെക്കുമെന്ന് പ്രഖ്യാപിച്ചു എന്നാണ് പോസ്റ്റിൽ പരിഹസിച്ചുകൊണ്ട് പറയുന്നത്.