ന്യൂദല്‍ഹി: യു.പി. സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവും രംഗത്ത്.
ബലാത്കാരമായി കൊണ്ടുവരുന്ന ഇത്തരം നിയമ ഭേദഗതികള്‍ രാജ്യത്ത് നടപ്പാക്കരുതെന്ന് ജെ.ഡി.യു. മുതിര്‍ന്ന നേതാവ് കെ.സി. ത്യാഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജ്യത്തെ ജനസംഖ്യാ നിരക്ക് നിയന്ത്രണവിധേയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എന്തിനാണ് ഇങ്ങനെയൊരു നിയമമെന്നും ത്യാഗി ചോദിച്ചു.
മുസ്‌ലിം ജനസംഖ്യ കൂടുന്നുവെന്ന് പറഞ്ഞാണ് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നിയമം പാസാക്കുന്നതെന്നും ജനസംഖ്യ നിയന്ത്രിയ്ക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നുമാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ പുറത്തുവിട്ടത്.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബില്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും.
നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ള വ്യക്തി ആണെങ്കില്‍ സ്ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലില്‍ പറയുന്നു. ഈ മാസം 19 വരെ ബില്ലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.