| Tuesday, 27th September 2022, 4:02 pm

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായിനില്‍ക്കണം; ആഹ്വാനവുമായി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്തുടനീളം ജാഥ നടത്തി ജനതാദള്‍ യുണൈറ്റഡ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്, പാര്‍ലമെന്ററി ബോര്‍ഡ് മേധാവി ഉപേന്ദ്ര കുശ്വാഹ എന്നിവരും റാലിയില്‍ പങ്കെടുത്തിരുന്നു. തങ്ങളുടേത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള മാര്‍ച്ചാണെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

‘ബി.ജെ.പിയുടെ ഗൂഢാലോചനക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഞങ്ങളുടേത്. വര്‍ഗീയ ചേരിതിരിവിന് മൂര്‍ച്ച കൂട്ടുന്നതിലൂടെ വലിയൊരു വിഭാഗം ജനങ്ങളും ബി.ജെ.പിക്ക് അനുകൂലമായി മാറും. ഇതാണ് ബി.ജെ.പിയുടെ തന്ത്രവും. കേന്ദ്രം ഭരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ബി.ജെ.പി പദ്ധതി ഇതുതന്നെയാണ്,’ കുശ്വാഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പട്ന ഹൈക്കോടതിയുടെ സമീപത്ത് സ്ഥാപിച്ച അംബേദ്കറുടെ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മാര്‍ച്ച് ആരംഭിച്ചത്. നിതീഷ് കുമാറിന് പകരക്കാരനായി മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ നേരിടാന്‍ മികച്ചയാളാണെന്നും ജെ.ഡി.യു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

രാജ്യത്തിന് നിതീഷ് കുമാറിനെ പോലെ ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യമെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. നിതീഷ് കുമാര്‍ പാര്‍ട്ടിയെ ചതിച്ചെന്നാരോപിച്ച് ബി.ജെ.പി ഇതിന് പിന്നാലെ രംഗത്തെത്തിയിരുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണയറിയിച്ചിരുന്നു.

പാര്‍ട്ടി വിട്ടതിന് പിന്നാലെ ബി.ജെ.പിക്കെതിരെ നിതീഷ് കുമാര്‍ ശക്തമായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നിതീഷ് കുമാര്‍.

2015ല്‍ നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുമായി സഖ്യത്തിലെത്തിയിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സഖ്യം അവസാനിപ്പിച്ചിരുന്നു. 2017ലായിരുന്നു നിതീഷ് കുമാര്‍ എന്‍.ഡി.എയുമായി സഖ്യത്തിലെത്തിയത്.

Content Highlight: nitish kumar’s jdu conducted rally’s across the state as a caution to the people against BJP’s conspiracies

Latest Stories

We use cookies to give you the best possible experience. Learn more