ന്യൂദല്‍ഹി: സൈന്യത്തിലേക്കുള്ള നിയമനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്‌നിവീര്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി യുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് ജെ.ഡി.യു വിന്റെ പിന്തുണ ആവശ്യമായി വന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടി ബി.ജെ.പിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബി.ജെ.പി കേവലം 240 സീറ്റുകളില്‍ ഒതുങ്ങി. നരേന്ദ്ര മോദിയുടെ കീഴില്‍ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. അതിനാല്‍ തന്നെ സഖ്യ കക്ഷികളുടെ പിന്തുണ ആവശ്യമാണ്.
‘അഗ്‌നിവീര്‍ പദ്ധതിയില്‍ ആളുകള്‍ അസ്വസ്ഥരാണ്. പൊതുജനങ്ങള്‍ ചോദ്യം ചെയ്ത ആ പോരായ്മകള്‍ വിശദമായി ചര്‍ച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി ആഗ്രഹിക്കുന്നത്,’ ജെ.ഡി.യു വക്താവ് കെ.സി ത്യാഗി പറഞ്ഞു
17 നും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിവീര്‍. പദ്ധതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സ്ഥിര നിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്.
സൈന്യത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുന്ന പദ്ധതിയാണ് ഇതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. തയ്യാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണിതെന്നും കുറഞ്ഞ സമയം പരിശീലനം നല്‍കി പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
അഗ്‌നിവീര്‍ പദ്ധതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി ജെ.ഡി.യു കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് തുടങ്ങിയവക്ക് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്. ഇതുകൂടാതെ, രാജ്യസഭാ ഉപാധ്യക്ഷ പദവിയും നിതീഷ് ആവശ്യപെട്ടിട്ടുണ്ട്.
ഗ്രാമവികസന വകുപ്പ്, പ്രതിരോധം, റെയില്‍വേ, കൃഷിവകുപ്പ് എന്നിവ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ഡി.യു ഉയര്‍ത്തുന്ന ആവശ്യം. ബീഹാറിന് പ്രത്യേക പദവിയും എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.