പാട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാർ. രാജ്ഭവനിൽ എത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. നാലുമണിയോടെ സത്യപ്രതിജ്ഞയെന്ന് സൂചന.
രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (യുണൈറ്റഡ്) നേതാവ് അവകാശവാദമുന്നയിച്ചു.
ബിഹാറിൽ ജെ.ഡി.യു -ആർ.ജെ.ഡി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജിവെച്ചതോടെ ജെ.ഡി.യു ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാകും.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി നയിക്കാൻ മുന്നിൽ നിന്ന ആളാണ് നിതീഷ്‌കുമാർ. പ്രധാനമന്ത്രി സ്ഥാനാർഥിയായി വരെ പരിഗണിച്ചിരുന്ന അദ്ദേഹത്തിന്റെ കൂടുമാറ്റം വലിയ ആഘാതമാണ് ഇന്ത്യ മുന്നണിയിൽ സൃഷ്ടിക്കുക.
മൂന്ന് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ രാജിവെച്ച് മുന്നണി വിടുന്നത്. നേരത്തെ ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ബി.ജെ.പി തനിക്കെതിരെ പ്രവർത്തിക്കുകയാണ് എന്ന് ആരോപിച്ച് രാജിവെക്കുകയായിരുന്നു.അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ എട്ടാമത്തെ രാജിയാണിത് .
നിതീഷ് കുമാറുമായി ബന്ധപ്പെടാൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നതിനു മുൻപാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് നിതീഷ് കുമാറും ബിജെപിയും പിന്നാമ്പുറത്ത് ശ്രമിക്കുന്നത്. സഖ്യം വിടുന്നതിന് മുന്നോടിയായി 79 ഐ.പി.എസ് 45 ബിഹാർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരെയും നേരത്തെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു.
243 നിയമസഭാംഗങ്ങൾ ഉള്ള ബിഹാർ നിയമസഭയിൽ ആർ.ജെ.ഡിക്ക് 79ഉം, ബി.ജെ.പിക്ക്78ഉം, ജെ.ഡി.യുവിന് 45 ഉം, കോൺഗ്രസിന് 19ഉം സി.പി.ഐ (എം.എൽ) 12, സി.പി.ഐ.എമ്മിനും സി.പി.ഐക്കും രണ്ടുവീതവും, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)ക്ക് 4 സീറ്റും, എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റുമാണ് ഉള്ളത്. കൂടാതെ ഒരു സ്വതന്ത്ര നിയമസഭാംഗവും ഉണ്ട്.
Content Highlight: Nitish Kumar Resigns As Bihar Chief Minister To Join Hands With BJP