| Thursday, 10th October 2024, 8:09 am

ബംഗ്ലാദേശിനെ അടിച്ച് ഐ.സി.യുവിലാക്കി ഇടിമിന്നല്‍ റെഡ്ഡി; നേടിയത് ഇന്ത്യന്‍ ചരിത്രത്തിലെ 'ഡബിള്‍ ബാരല്‍' റെക്കോഡും

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. മലയാളി താരം സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ പത്ത്), അഭിഷേക് ശര്‍മ ( 11 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (പത്ത് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഇടിവെട്ട് പ്രകടനം

നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ബംഗ്ലാദേശിന്റെ പദ്ധതികളെ പൊളിച്ചടുക്കുകയായിരുന്നു. 34 പന്തില്‍ 74 റണ്‍സാണ് റെഡ്ഡി നേടിയത്. ഏഴ് സിക്സറും നാല് ഫോറും അടിച്ചാണ് റെഡ്ഡി ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ടത്. ബാറ്റില്‍ നിന്നും മാത്രമല്ല ബൗളില്‍ നിന്നും നിതീഷ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

റെഡ്ഡി നേടിയ റെക്കോഡ്

ബംഗ്ലാദേശിനെതിരെ നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടാനാണ് റെഡ്ഡിക്ക് സാധിച്ചത്. ഇതോടെ ഇന്ത്യന്‍ ടി-20 ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 70+ സ്‌കോറും രണ്ട് വിക്കറ്റും നേടുന്ന ആദ്യ താരമാകാനാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചത്.

നിതീഷ് മടങ്ങിയതോടെ പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ റിങ്കുവിനെ ഒപ്പം കൂട്ടി ബംഗ്ലാദേശിനെ അടിച്ചുപരത്തി. റിങ്കു 29 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ 19 പന്തില്‍ 32 റണ്‍സാണ് പാണ്ഡ്യ നേടിയത്.ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തുകയായിരുന്നു.

ബംഗ്ലാദേശിന്റെ ബാറ്റിങ്

റിയാന്‍ പരാഗും അഭിഷേക് ശര്‍മയും അടക്കമുള്ള പാര്‍ട് ടൈം ബൗളര്‍മാരെയും കളത്തിലിറങ്ങിയ സൂര്യ മത്സരം ബംഗ്ലാദേശിന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

സൂപ്പര്‍ താരം മഹ്‌മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് 39 പന്തില്‍ 41 റണ്‍സാണ് മഹ്‌മദുള്ള നേടിയത്. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒക്ടോബര്‍ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മൂന്നാം ടി-20ക്ക് വേദിയാകുന്നത്.

Content Highlight: Nitish Kumar Reddy In Great Record Achievement In Indian T-20 History

We use cookies to give you the best possible experience. Learn more