ഓസീസ് പേസര്‍മാര്‍ക്കെതിരെ ഇങ്ങനെയൊരു റെക്കോഡ് പ്രതീക്ഷിച്ചില്ല; ഇന്ത്യയുടെ കില്ലാടിയായി റെഡ്ഡി
Sports News
ഓസീസ് പേസര്‍മാര്‍ക്കെതിരെ ഇങ്ങനെയൊരു റെക്കോഡ് പ്രതീക്ഷിച്ചില്ല; ഇന്ത്യയുടെ കില്ലാടിയായി റെഡ്ഡി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th December 2024, 3:03 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ ഔട്ടാക്കിയ അതേ വേദിയില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഞൊടിയിടയില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ: 180 & 175

ഓസ്ട്രേലിയ: 337 & 19/0 (T:19)

യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് തുണയായത്. നിതീഷിന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യക്ക് ഇന്നിങ്സ് തോല്‍വി വഴങ്ങേണ്ടിയും വന്നേനെ.

ആദ്യ ഇന്നിങ്സില്‍ മൂന്ന് വീതം സിക്സറും ഫോറുമായി 54 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. രണ്ടാം ഇന്നിങ്സിലും 42 റണ്‍സ് റെഡ്ഡിയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തു. ആറ് ഫോറും ഒരു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

രണ്ടാം ഇന്നിങ്സില്‍ നേടിയ സിക്സറിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റെഡ്ഡിയെ തേടിയെത്തി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന നേട്ടമാണ് റെഡ്ഡി സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന നേട്ടമാണ് റെഡ്ഡി സ്വന്തമാക്കിയത്. വമ്പന്‍ പേരുകളടങ്ങുന്ന ബാറ്റിങ് നിരയെ നോക്കുകുത്തിയാക്കിയാണ് നിതീഷ് അഡ്‌ലെയ്ഡില്‍ പൂണ്ട് വിളയാടിയത്.

ഓസ്‌ട്രേലിയയിലെ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം, സിക്‌സ്

നിതീഷ് കുമാര്‍ റെഡ്ഡി – 6 സിക്‌സ്

സഹീര്‍ ഖാന്‍ – 3 സിക്‌സ്

ഋഷബ് പന്ത് – 3 സിക്‌സ്

അജിന്‍ക്യ രഹാനെ – 3 സിക്‌സ്

രോഹിത് ശര്‍മ – 3 സിക്‌സ്

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വേഗത്തില്‍ പുറത്താക്കിയത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മിന്നും പ്രകടനമാണ്. കെ.എല്‍ രാഹുല്‍ (7), രോഹിത് ശര്‍മ (6), നിതീഷ് കുമാര്‍ റെഡ്ഡി (42), ആര്‍. അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), എന്നിവരെയാണ് കമ്മിന്‍സ് കൂടാരത്തിലേക്ക് പറഞ്ഞയച്ചത്.

യുവ ഓസീസ് ബൗളര്‍ സ്‌കോട്ട് ബോളണ്ട് മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടിയതോടെ ഇന്ത്യ ബാറ്റ് നിലത്ത് വെയ്ക്കുകയായിരുന്നു. പിന്നീട് നളാന്‍ മെക്‌സ്വീനിയും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 19 റണ്‍സിന്റെ വിജയലക്ഷ്യം നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

 

Content Highlight: Nitish Kumar Reddy In Great Record Achievement Against Australian Pace Bowlers