കിട്ടിയ അവസരം മുതലാക്കി! ചരിത്രത്തിലെ ആദ്യ താരം; 20കാരന്റെ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം
Cricket
കിട്ടിയ അവസരം മുതലാക്കി! ചരിത്രത്തിലെ ആദ്യ താരം; 20കാരന്റെ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 8:29 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ രണ്ട് റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഓറഞ്ച് ആര്‍മിക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഢിയുടെ കരുത്തിലാണ് ഹൈദരാബാദ് മികച്ച ടോട്ടല്‍ പഞ്ചാബിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. 37 പന്തില്‍ 64 നേടികൊണ്ടായിരുന്നു നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 172.97 സ്‌ട്രൈക്ക് റേറ്റിലാണ് നിതീഷ് കുമാര്‍ ബാറ്റ് വീശിയത്.

ബൗളിങ്ങിലും മികച്ച പ്രകടനം നടത്താന്‍ നിതീഷിന് സാധിച്ചിരുന്നു. പഞ്ചാബിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ആയ ജിതേഷ് ശര്‍മയാണ് നിതീഷ് പുറത്താക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കി.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഹൈദരാബാദ് താരത്തെ തേടിയെത്തിയത്. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ 50+ റണ്‍സും ഒരു വിക്കറ്റ് നേടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് നിതീഷ് കുമാര്‍ റെഡ്ഢി സ്വന്തമാക്കിയത്. തന്റെ 20 വയസ്സിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുണ ഇറങ്ങിയ പഞ്ചാബ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. എന്നാല്‍ വാലറ്റത്ത് ഇറങ്ങി തകര്‍പ്പന്‍ പ്രകടനം നടത്തിയ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും ആണ് പഞ്ചാബിനായി വിജയത്തിനുവേണ്ടി പൊരുതിയത്.

25 പന്തില്‍ പുറത്താവാതെ 46 റണ്‍സുമായി ശശാങ്കും 15 പന്തില്‍ പുറത്താവാതെ 33 റണ്‍സുമായി അശുതോഷും മികച്ച പ്രകടനം നടത്തി. ഹൈദരാബാദ് ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Nitish Kumar Reddy create a new record in IPL