ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഭരണകക്ഷിയില്‍ നിന്നും പുതിയ സര്‍ക്കാരിലേക്കുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മാറ്റം. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രിയാകും നിതീഷ് കുമാര്‍ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയാകുക എന്നത് തന്റെ മനസില്‍ പോലും ഇല്ലാത്ത കാര്യമാണെന്ന പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാര്‍.
പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒന്നിച്ചു ചേര്‍ക്കണമെന്നും കൂട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കണമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം.
ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവരോടൊപ്പം സഖ്യം ചേരുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ നിതീഷ് കുമാര്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നരേന്ദ്ര മോദി 2014ല്‍ ജയിച്ചതുപോലെ 2024ല്‍ ജയിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നിതീഷ് ചോദ്യമുന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ എന്‍.ഡി.എ വിട്ടത് ഉപരാഷ്ട്രപതിയാക്കാത്തതില്‍ പ്രതിഷേധിച്ചാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം നിതീഷ് കുമാര്‍ തള്ളിയിരുന്നു.
‘എനിക്ക് ഉപരാഷ്ട്രപതിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ഒരാള്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്തൊരു തമാശ!
എനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ല. അവരുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ ഞങ്ങളുടെ പാര്‍ട്ടി എത്രമാത്രം പിന്തുണച്ചുവെന്നത് അവര്‍ മറന്നുപോയോ?
തെരഞ്ഞെടുപ്പ് കഴിയുന്നതിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു, അതിന് ശേഷമാണ് ഞങ്ങള്‍ യോഗം വിളിച്ചത്,’ നിതീഷ് കുമാര്‍ പ്രതികരിച്ചു.
എന്‍.ഡി.എ സഖ്യം വിട്ട് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസമായിരുന്നു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇത് രണ്ടാം തവണയാണ് മഹാഗഡ്ബന്ധന്‍ സഖ്യസര്‍ക്കാര്‍ ബിഹാര്‍ ഭരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് 2015ലായിരുന്നു ആദ്യഘട്ടത്തില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും എന്‍.ഡി.എക്കൊപ്പം ചേരുകയായിരുന്നു.
അതേസമയം നീതീഷ് കുമാറിന്റെ രാജിക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Content Highlight: Nitish kumar reacts to the question of reporters whether he would compete in the prime minister election in 2021