പട്‌ന: ബിഹാറില്‍ ഹിന്ദു രാഷ്ട്ര തീ ആളിക്കത്തിക്കുമെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ബിഹാറിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ താന്‍ പ്രതിജ്ഞബന്ധനാണെന്ന് അദ്ദേഹം പറഞ്ഞത്. ഇതേ കുറിച്ച് ബിഹാറികളെ ബോധവത്കരിക്കാനാണ് പരിപാടിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ബിഹാറിലെ ജനസംഖ്യ ഏകദേശം 13 കോടിക്കടുത്താണ്. നിങ്ങളീ പരിപാടിയില്‍ നിന്ന് പോകുമ്പോള്‍ ഹനുമാന്‍ പതാക സ്ഥാപിക്കുക. ബിഹാറിലെ അഞ്ച് കോടി ജനങ്ങളിത് ചെയ്താല്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ കഴിയും,’ എന്നായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിച്ചവരല്ലെന്ന് നിതീഷ് വിമര്‍ശിച്ചു. എല്ലാവര്‍ക്കും അവരുടെ മതം പിന്തുടരാന്‍ അനുവാദമുണ്ടെന്നും എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് യാതൊരു മൂല്യവുമില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരെല്ലാം സീതാ-റാം ജപിക്കേണ്ട കാലം വരുമെന്നും ഭാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ദീരേന്ദ്ര ശാസ്ത്രി പറഞ്ഞിരുന്നു.
‘ബിഹാറില്‍ ജനങ്ങള്‍ക്ക് ഏത് ദൈവത്തെയും ആരാധിക്കാനുള്ള അവകാശമുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തില്‍ ആരും ഇടപെടരുത്. സ്വന്തമായി ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് ഒരു മൂല്യവുമില്ല,’ നിതീഷ് പറഞ്ഞു.
‘ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിച്ചവരാണോ? എന്തിനാണ് ഇത്തരം പരാമര്‍ശം നടത്തേണ്ട ആവശ്യം? നിങ്ങള്‍ക്ക് ഏത് മതം വേണമെങ്കിലും പിന്തുടരാം,’ നിതീഷ് പറഞ്ഞു.
ശാസ്ത്രിയുടെ പരാമര്‍ശത്തെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദും തള്ളി. ആരാണ് ബാബ ഭാഗേശ്വര്‍? അവര്‍ ബാബ തന്നെയാണോയെന്ന് ലാലു പ്രസാദ് ചോദിച്ചു.
ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവും ശാസ്ത്രിയെ തള്ളിപ്പറഞ്ഞു. തനിക്ക് ഒരു ബാബയെയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ബാബ ബിഹാറികളെ അധിക്ഷേപിക്കുകയാണെന്നും രാജ്യത്തെ വിഭജിക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും തേജ് പ്രതാപ് പറഞ്ഞു.
പട്‌നയിലെ ഒരു സമ്മേളനത്തില്‍ വെച്ചായിരുന്നു ശാസ്ത്രിയുടെ പ്രസ്താവന. ശാസ്ത്രിയുടെ ദിവ്യദര്‍ബാര്‍ സെക്ഷനിലെ ജനത്തിരക്ക് കാരണം ഇതില്‍ പങ്കെടുത്ത നിരവധിപേര്‍ക്ക് അസുഖം പിടിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ജില്ലയില്‍ കടുത്ത ചൂടായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ എണ്ണം കുറക്കണമെന്ന ആളുകളോട് ശാസ്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം നിതീഷ് കുമാറിന്റെ കെടുകാര്യസ്ഥത മൂലമാണ് ദിവ്യദര്‍ബാര്‍ സെക്ഷനില്‍ പങ്കെടുത്തവര്‍ക്ക് അസുഖം വന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Contenthighlight: Nitish kumar react against shasthri’s hindu rashtra remark