ന്യൂദല്‍ഹി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിഹാറിലെ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു കേന്ദ്ര സര്‍ക്കാര്‍ മുമ്പ് തള്ളിക്കളഞ്ഞ ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി മുഖ്യ ഘടകമായി അവശേഷിക്കുന്നതായും, ഇത് നേടിയെടുക്കുന്നതില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് ബി.ജെ.പി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം 14ാം സാമ്പത്തിക കമ്മീഷന്‍ തള്ളിയിരുന്നു.
‘2006 മുതല്‍ ഇത് ഞങ്ങളുടെ പ്രധാന അജണ്ടയായി അവശേഷിക്കുകയാണ്. സംസ്ഥാന നിയമസഭയില്‍ ഇരു കക്ഷികളും ഒരേ സ്വരത്തില്‍ ഇതിനായി നിലകൊള്ളുന്നുണ്ട്. ഈ ആവശ്യത്തെ പിന്തുണച്ചു കൊണ്ട് ഒരു കോടിയോളം പേരുടെ ഒപ്പു സമാഹരണവും നടന്നിട്ടുണ്ട്. 15ാം സാമ്പത്തിക കമ്മീഷന് മുന്നില്‍ ഈ വിഷയം വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ബിഹാര്‍ പോലൊരു സംസ്ഥാനം ഇതിന് എന്തു കൊണ്ടും അര്‍ഹമാണ്’- നിതീഷ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടെെംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ബി.ജെ.പി കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇരു മുന്നണികളുമായും വിലപേശുന്നതിനും, അടുത്ത വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രസ്തുത വിഷയം സജീവമാക്കി നിര്‍ത്താനുമുള്ള ശ്രമമാണ് ജെ.ഡി.യു വിന്റേതെന്നാണ് വിലയിരുത്തല്‍.
ബിഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ ജെ.ഡി.യുവിന് ബിഹാറില്‍ നിന്ന് കേവലം രണ്ട് എം.പിമാര്‍ മാത്രമാണുണ്ടായിരുന്നത്.
2017ല്‍, അഴിമതിയും, സംസ്ഥാനത്തിന്റെ താല്‍പര്യവും മുന്‍നിര്‍ത്തിയാണ് ജെ.ഡി.യു മഹാസഖ്യം വിട്ട് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.
നേരത്തെ എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സഖ്യത്തില്‍ നിന്ന് പുറത്തു വന്നിരുന്നു. എന്‍.ഡി.എയില്‍ നിന്ന് പുറത്തു വന്ന ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, മോദിയെ വിമര്‍ശിക്കുന്നതിലും, പ്രതിപക്ഷ സഖ്യത്തെ ഒരുമിച്ചു നിര്‍ത്തുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകില്ലെന്നാണ് നിതീഷ് പറയുന്നത്.