national news
'എന്തൊരു തമാശയാണിത്'; സുശീല്‍ മോദിയുടെ ഉപരാഷ്ട്രപതി പരാമര്‍ശത്തില്‍ പ്രതികരിച്ച് നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 11, 10:39 am
Thursday, 11th August 2022, 4:09 pm

പട്‌ന: ഉപരാഷ്ട്രപതിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാര്‍ ബിഹാറില്‍ എന്‍.ഡി.എ സഖ്യം വിട്ട് ആര്‍.ജെ.ഡിക്കൊപ്പം പോയതെന്ന ബി.ജെ.പി എം.പി സുശീല്‍ കുമാര്‍ മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

സുശീല്‍ മോദിയുടെ ആരോപണം തള്ളിയ നിതീഷ് കുമാര്‍ പരാമര്‍ശം തമാശയാണെന്നും പ്രതികരിച്ചു.

”എനിക്ക് ഉപരാഷ്ട്രപതിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ഒരാള്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്തൊരു തമാശ!

എനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ല. അവരുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ ഞങ്ങളുടെ പാര്‍ട്ടി എത്രമാത്രം പിന്തുണച്ചുവെന്നത് അവര്‍ മറന്നുപോയോ?

തെരഞ്ഞെടുപ്പ് കഴിയുന്നതിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു, അതിന് ശേഷമാണ് ഞങ്ങള്‍ യോഗം വിളിച്ചത്.

അവര്‍ എന്നെക്കുറിച്ച് പറ്റുന്നിടത്തോളം സംസാരിക്കട്ടെ, അങ്ങനെയെങ്കിലും അവര്‍ക്ക് ഒരു പൊസിഷന്‍ ലഭിക്കും,” നിതീഷ് കുമാര്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു നിതീഷ് കുമാറിന് ഉപമുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് സുശീല്‍ മോദി പറഞ്ഞത്.

എന്‍.ഡി.എ സഖ്യത്തില്‍ മുഖ്യമന്ത്രിയായിരിക്കെ നിതീഷിന്റെ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു സുശീല്‍ മോദി.

എന്‍.ഡി.എ സഖ്യം വിട്ട് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസമായിരുന്നു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇത് രണ്ടാം തവണയാണ് മഹാഗഡ്ബന്ധന്‍ സഖ്യസര്‍ക്കാര്‍ ബിഹാര്‍ ഭരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് 2015ലായിരുന്നു ആദ്യഘട്ടത്തില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും എന്‍.ഡി.എക്കൊപ്പം ചേരുകയായിരുന്നു.

അതേസമയം നീതീഷ് കുമാറിന്റെ രാജിക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

Content Highlight: Nitish Kumar on BJP MP Sushil Modi’s claims that JDU had split with NDA as Nitish was not made the Vice President