| Tuesday, 6th September 2022, 12:31 pm

ഒന്നിച്ചുനിന്നാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ പറ്റും; സി.പി.ഐ.എം ആസ്ഥാനത്തെത്തി യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ സി.പി.ഐ.എം ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.

തിരികെ വീണ്ടും സി.പി.ഐ.എം ഓഫീസിലെത്തിയതിന് നന്ദിയുണ്ടെന്നും നിതീഷ് കുമാറിന്റെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നുവെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ വിവിധ സ്ഥലങ്ങളിലാണെങ്കിലും ഏറെനാളുകള്‍ ഒരുമിച്ച് കൂടിയവര്‍ തന്നെയാണ്. നമ്മള്‍ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതാകും മികച്ച തീരുമാനമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ചു നിന്നാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബി.ജെ.പിയുമായി സഖ്യത്തില്‍ നിന്ന് പിന്മാറിയ ശേഷം നിതീഷ് കുമാര്‍ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്രത്തില്‍ നിന്നും ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

2024ലെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയെ താഴെയിറക്കാന്‍ പുതിയ നീക്കങ്ങളുമായി നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിതീഷിന്റെ ദല്‍ഹി സന്ദര്‍ശനം.

ബിഹാറില്‍ നിന്നും ബി.ജെ.പിയുമായി നിതീഷ് കുമാര്‍ സഖ്യമൊഴിഞ്ഞതോടെ ബി.ജെ.പി തന്ത്രത്തിന്റെ രുചി അവര്‍ തന്നെ അറിഞ്ഞുവെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ അട്ടിമറിച്ച ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധികാരമേറ്റതിന് പിന്നാലെ നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ജെ.ഡി.യുവുമായി അകല്‍ച തുടരാനാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തും.

Content Highlight: Nitish kumar meets sitaram yechury

We use cookies to give you the best possible experience. Learn more