| Wednesday, 3rd January 2024, 5:46 pm

ഇന്ത്യ മുന്നണിയുടെ കണ്‍വീനറായി നിതീഷ് കുമാര്‍ എത്തിയേക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ കണ്‍വീനറായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഈ ആഴ്ച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഓണ്‍ലൈന്‍ മീറ്റിങ് കൂടുമെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ് കുമാറുമായും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യാ സഖ്യത്തിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളോടും ചര്‍ച്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം നിതീഷ് കുമാര്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേരില്‍ കണ്ട് കൂടികാഴ്ച നടത്തിയിരുന്നു.

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും നിതീഷ് കുമാറിനെ കണ്‍വീനര്‍ ആക്കുന്ന തീരുമാനത്തെ അനുകൂലിച്ചിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് നിതീഷ് കുമാര്‍ ആയിരുന്നു. ഇന്ത്യസഖ്യത്തില്‍ കണ്‍വീനര്‍, ചെയര്‍പേഴ്‌സണ്‍ എന്നിവ ഉള്‍പ്പെടെ രണ്ട് നേതൃസ്ഥാനങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ വരുന്നതിനെ എല്ലാവരും അനുകൂലിക്കുമെന്നാണ് സഖ്യത്തിന്റെ വിശ്വാസം.

എന്നാല്‍ എന്‍.സി.പി ശരത് പവാര്‍ പക്ഷത്തിന്റെ നേതാവായ സുപ്രിയ സുലെ നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.

ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തില്‍ സീറ്റ് വിഭജനത്തെകുറിച്ചും, 2024 തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാര്‍ഗരേഖയെ പറ്റിയും ചര്‍ച്ച ചെയ്തിരുന്നു. ഡിസംബര്‍ 19 ന് ചേര്‍ന്ന നാലാമത്തെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കണിക്കണം എന്നും അഭിപ്രായപ്പെട്ടിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സംയുക്ത പ്രചാരണങ്ങള്‍ ജനുവരി 30 ന് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യമാണ് ഇന്ത്യാ സഖ്യം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പര്‍ജയപ്പെട്ടുത്തുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം.

Content Highlights: Nitish Kumar may come as the convener of India Front

We use cookies to give you the best possible experience. Learn more