പട്ന: ജെ.ഡി.യുവിലെ ഭിന്നതകളും ചേരിപ്പോരും രൂക്ഷമായതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനാകാതെ നിതീഷ് കുമാര്‍. പാര്‍ട്ടി അധ്യക്ഷന്‍ ലലന്‍ സിംഗും കേന്ദ്രമന്ത്രി ആര്‍.സി.പി. സിംഗും തമ്മിലുള്ള പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളുമാണ് നതീഷിനെ അസ്വസ്ഥനാക്കുന്നത്.
ഇവര്‍ തമ്മിലുള്ള ചേരിപ്പോരില്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹ പാര്‍ട്ടി അധ്യക്ഷനായ ലലന്‍ സിംഗിനൊപ്പം ചേരുകയും ചെയ്തു.
കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി പട്നയിലെത്തിയ ആര്‍.സി.പി. സിംഗിനു പാര്‍ട്ടി ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തില്‍ നിന്ന് ലലന്‍ സിംഗും ഉപേന്ദ്രയും വിട്ടുനിന്നതോടെ പ്രശ്്നം കൂടുതല്‍ രൂക്ഷമായി.
സ്വീകരണ യോഗത്തെക്കുറിച്ചു തനിക്ക് അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് ഉപേന്ദ്ര പറയുന്നത്. പങ്കെടുക്കേണ്ടത്ര പ്രാധാന്യമുള്ള ചടങ്ങല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്നയിലുണ്ടായിട്ടും ഇരു നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാത്തതും ചര്‍ച്ചാ വിഷയമായി. ജെ.ഡി.യു അധ്യക്ഷ സ്ഥാനമേറ്റ ശേഷം പാട്നയിലെത്തിയ ലലന്‍ സിംഗിന്് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി ആസ്ഥാനത്ത് നല്‍കിയത്.
ലലന്‍ സിംഗിന്റെ സ്വീകരണ ബാനറുകളില്‍ ആര്‍.സി.പി. സിംഗിന്റെ ചിത്രം ഒഴിവാക്കിയത് വന്‍ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. പകരമായി ആര്‍.സി.പി. സിംഗിന്റെ സ്വീകരണ ബാനറുകളില്‍ ലലന്‍ സിംഗിന്റെയും ഉപേന്ദ്രയുടെയും ചിത്രങ്ങളും ഒഴിവാക്കി.
ഫലത്തില്‍ ഇരു സ്വീകരണങ്ങളും ഇരുനേതാക്കളുടേയും ശക്തിപ്രകടനമായി മാറുകയായിരുന്നു.
കേന്ദ്രമന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ആര്‍.സി.പി. സിംഗിന്റെയും ലലന്‍ സിംഗിന്റെയും പേരുകളാണു നിര്‍ദേശിച്ചത്. എന്നാല്‍ ജെ.ഡി.യുവിനു ഒരു മന്ത്രിസ്ഥാനം മാത്രമാണ് ബി.ജെ.പി അനുവദിച്ചത്. പാര്‍ട്ടി അധ്യക്ഷനായ ആര്‍.സി.പി. സിംഗ് മന്ത്രിസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
കേന്ദ്രമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ തയാറാണെന്ന് ആര്‍.സി.പി. സിംഗ് പാര്‍ട്ടി നേതൃയോഗത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വത്തില്‍ അധ്യക്ഷ സ്ഥാനമൊഴിയാന്‍ എതിര്‍ വിഭാഗം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാത്ത ലലന്‍ സിംഗിനെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെയാണ് ഇരുവിഭാഗങ്ങളുടേയും ചേരിപ്പോര് രൂക്ഷമായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nitish Kumar JDU Bihar Politics