എന്റെ അച്ഛനെ അദ്ദേഹം അന്ന് അപമാനിച്ചു; അവസാന നാളുകളില്‍പ്പോലും തിരിഞ്ഞുനോക്കിയില്ല; നിതീഷ് കുമാറിനെതിരെ ബി.ജെ.പി നേതൃത്വത്തിന് കത്തയച്ച് ചിരാഗ് പാസ്വാന്‍
India
എന്റെ അച്ഛനെ അദ്ദേഹം അന്ന് അപമാനിച്ചു; അവസാന നാളുകളില്‍പ്പോലും തിരിഞ്ഞുനോക്കിയില്ല; നിതീഷ് കുമാറിനെതിരെ ബി.ജെ.പി നേതൃത്വത്തിന് കത്തയച്ച് ചിരാഗ് പാസ്വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 3:13 pm

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ തുറന്ന പോരുമായി ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) തലവന്‍ ചിരാഗ് പാസ്വാന്‍.

സെപ്റ്റംബര്‍ 24 ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് എഴുതിയ കത്തിലാണ് നിതീഷിനെതിരെ ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

അടുത്തിടെ അന്തരിച്ച തന്റെ പിതാവ് രാം വിലാസ് പസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചുവെന്നാണ് ചിരാഗ് പാസ്വാന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു അതെന്നും ചിരാഗ് കത്തില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സീറ്റ് പങ്കിടല്‍ സമയത്ത്, രാം വിലാസ് പാസ്വാന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്‍.ഡി.എയുടെ ഉന്നത നേതാക്കള്‍ തന്നെ പരസ്യമായി ഉറപ്പ് നല്‍കിയിട്ടും രാജ്യസഭാ സീറ്റിന്റെ പേരില്‍ നിതീഷ് കുമാര്‍ തന്റെ പിതാവിനെ അപമാനിക്കുകയായിരുന്നെന്നും ചിരാഗ് കത്തില്‍ പറയുന്നു.

നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടപ്പോഴായിരുന്നു സംഭവം. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാതെ തന്നെ ബീഹാര്‍ നിയമസഭയിലെത്തി. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും പാര്‍ട്ടി നേതാക്കള്‍ നിതീഷിനെതിരെ ഒരു വാക്ക് പറഞ്ഞില്ല.

അസുഖബാധിതനായി തന്റെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്തുപോലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ഒന്നു വിളിച്ചന്വേഷിക്കുക പോലും ചെയ്തില്ലെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

”തിരക്കേറിയ പല പരിപാടികള്‍ ഉണ്ടായിട്ടു കൂടി പ്രധാനമന്ത്രി മോദി എന്റെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാനായി വിളിച്ചപ്പോള്‍ ആശ്ചര്യം തോന്നി. കൊവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചു വരുന്ന അമിത് ഷാ പോലും അച്ഛന്റെ അസുഖ വിവരം അന്വേഷിച്ചു, പക്ഷേ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാത്രം ഇതൊന്നും അറിഞ്ഞില്ലേ?

ബീഹാറിലെ കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.ജെ.പിയുടെ അഭിപ്രായമോ നിര്‍ദേശങ്ങളോ തേടാന്‍ നിതീഷ് കുമാര്‍ തയ്യാറായില്ലെന്നും ചിരാഗ് പാസ്വാന്‍ കത്തില്‍ പറഞ്ഞു.

എല്‍.ജെ.പിയുടെ ഒരു എം.എല്‍.എയെ എങ്കിലും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ അഭ്യര്‍ത്ഥനയും അവഗണിക്കപ്പെട്ടുവെന്നും ചിരാഗ് കത്തില്‍ പറയുന്നു.

ഇക്കാര്യത്തെ കുറിച്ച് നിതീഷ് കുമാറിനോട് സംസാരിച്ചപ്പോള്‍ ‘നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും എല്‍.ജെ.പി എം.എല്‍.എ ആയിരുന്നെങ്കില്‍ അദ്ദേഹത്തെ മന്ത്രിയാക്കാമായിരുന്നു.” എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

ബിഹാറില്‍ ശക്തമായ ഭരണ വിരുദ്ധത നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ചിരാഗ് എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പിയുടെ സ്വാധീനം ശക്തമായതുകൊണ്ട് തന്നെ പരാജയമുണ്ടാകില്ലെന്നും ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

സഖ്യം വിട്ട ശേഷം ജെ.ഡി.യുവിലെ ചില നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പ്രവര്‍ത്തകരെല്ലാം അസ്വസ്ഥരായതുകൊണ്ടാണ് സ്വന്തം വഴി നോക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും ചിരാഗ് പാസ്വാന്‍ കത്തില്‍ പറഞ്ഞു.

ബി.ജെ.പിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി താന്‍ ഒരു ചുവടുപോലും വെക്കില്ലെന്നും കത്തില്‍ ചിരാഗ് പാസ്വാന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ